
നെയ്യാറ്റിൻകര: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സ്മൃതി ദിനത്തിൽ കാഞ്ഞിരംകുളം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആനവണ്ടി യാത്ര സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ സഹകരണത്തോടെ കാഞ്ഞിരംകുളം ഗവ. ഹൈസ്കൂൾ സംഘടിപ്പിച്ച എഴുത്തച്ഛൻ സ്മൃതി യാത്ര ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വി.ആർ. സലൂജ ഫ്ലാഗ് ഒഫ് ചെയ്തു. യുവകവി സുമേഷ് കൃഷ്ണൻ എഴുത്തച്ഛൻ അനുസ്മരണ പ്രഭാഷണം നടത്തി. രണ്ട് ബസുകളിലായി 60 കുട്ടികളാണ് സ്മൃതി യാത്രയിൽ പങ്കാളികളായത്. വിവിധ ഗ്രന്ഥശാലകൾ സന്ദർശിച്ച കുട്ടികളുടെ സംഘം പുസ്തകപ്പുരയിലേക്ക് പുസ്തകങ്ങൾ കൈമാറി. പൊതു ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഴുത്തച്ഛൻ ദിനത്തിൽ സ്കൂൾ കുട്ടികളുടെ ആനവണ്ടിയിലെ പഠനയാത്ര നിശ്ചയിച്ചതെന്ന് കാഞ്ഞിരംകുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. രാധ പറഞ്ഞു. ബഡ്ജറ്റ് ടൂറിസം സെൽ ക്ലസ്റ്റർ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, വൈ. യേശുദാസ്, സി.രാജൻ, എൻ.സുരേഷ് കുമാർ, ജി.ജിജോ, എം.ഗോപകുമാർ, അദ്ധ്യാപകരായ സജിതകുമാരി, റീന ദാസ്, ശ്രുതി, ജോബി, ഷാനു എന്നിവർ നേതൃത്വം നൽകി. കാപ്പുകാട് ആന വളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, കല്ലാർ, മീൻമുട്ടി എന്നിവിടങ്ങൾ സന്ദർശിച്ച കുട്ടികളുടെ സംഘം പൊന്മുടി സനാതന ഗ്രന്ഥശാലയിൽയാത്ര അവസാനിപ്പിച്ചു.