
 പള്ളികളിൽ ഇടയലേഖനം
 വഴങ്ങി കൊടുക്കേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങി കൊടുക്കേണ്ടെന്ന് സർക്കാർ തീരുമാനം. പലതവണ ചർച്ചയ്ക്ക് വിളിച്ചിട്ടും വഴങ്ങാതെ പ്രത്യക്ഷ സമരം സംഘടിപ്പിക്കുന്നതും ഇന്നലെ ഇടവകകളിൽ ഇടയലേഖനം വായിച്ചതുമാണ് സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. തുറമുഖം കമ്മിഷൻ ചെയ്യാൻ എട്ട് മാസം മാത്രം ശേഷിക്കെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അംഗീകരിക്കാൻ കഴിയില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. ചർച്ചയ്ക്കായി പലതവണ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസുമായി മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും വിസിൽ എം.ഡി കെ. ഗോപാലകൃഷ്ണനും ഫോണിൽ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം പലകാരണങ്ങൾ പറഞ്ഞ് ചർച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കുകയായിരുന്നുവെന്നാണ് തുറമുഖ വകുപ്പിലെ ഉന്നതവൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രാഥമികതലത്തിൽ ചർച്ചകൾ നടക്കാതെ താൻ ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സമ്മർദ്ദത്തിന് വഴങ്ങി പിന്നാലെ പോകേണ്ടയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖ വകുപ്പിന് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക നിർദ്ദേശം.
തുറമുഖ നിർമ്മാണം നിറുത്തിവച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് ലത്തീൻ അതിരൂപത ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നത്. തീരശോഷണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണം, ക്യാമ്പുകളിൽ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താത്കാലികമായി പുനരധിവസിപ്പിക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. രൂപതകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യുന്നുണ്ട്.
അതേസമയം, വിഴിഞ്ഞത്ത് വീട് നഷ്ടമായ 1600ഓളം കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് വച്ച് നൽകാൻ തീരുമാനമായിട്ടുണ്ടെന്നും അതിനുള്ള സ്ഥലത്തിന് വേണ്ടിയുള്ള തെരച്ചിലിലാണെന്നും തുറമുഖ വകുപ്പ് വ്യക്തമാക്കി. തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ പദ്ധതിയല്ല. 2005ലും 2009ലും കാലാവസ്ഥാവ്യതിയാനം കാരണം തീരശോഷണമുണ്ടായിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.