
നെയ്യാറ്റിൻകര: കോർപ്പറേറ്റുകളെ തള്ളിപ്പറഞ്ഞിരുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നടപടികളിലൂടെ ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്തതിനാൽ തിരുവനന്തപുരം അതിരൂപത തുടക്കം കുറിച്ച സമരപരമ്പരയുടെ ആദ്യഘട്ടത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തീരം, തീരദേശവാസികളുടെ അവകാശമാണെന്നും പറഞ്ഞ ബിഷപ്പ്, വിഴിഞ്ഞം പോർട്ടിന്റെ നിർമ്മാണം തുടങ്ങിയതുമുതൽ തീരദേശവാസികൾ കടൽക്ഷോഭത്തിന്റെ യാതന അനുഭവിക്കുന്നുവെന്ന് പറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും കടൽ കൈയടക്കുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. സമരസമിതി കൺവീനർ മോൺ.യൂജിൻ എച്ച്. പെരേര, ഫാ.ജെയിംസ് കുലാസ്, കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, കെ.ആർ.എൽ.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജൂഡ്, കെ.എൽ.സി.എ നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ് ആൽഫ്രഡ് വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു. 20ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടക്കം കുറിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന സമരപരിപാടികൾക്കാണ് കഴിഞ്ഞദിവസം സമാപനമായത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ച് തീരശോഷണം സംബന്ധിച്ച് സമഗ്ര പഠനം നടത്തുക, വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിന് ശാശ്വതമായ പരിഹാരം നൽകുക, മണ്ണെണ്ണയുടെ വില നിയന്ത്രണത്തിനുവേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചായിരുന്നു സമരപരിപാടികളുടെ തുടക്കം.