baby-care

ഇന്ന് മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പൊതുമേഖല ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കുന്നു.'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ ആദ്യഘട്ടമായി വനിത ശിശുവികസന വകുപ്പാണ് ക്രഷുകൾ സജ്ജമാക്കുന്നത്. ഇതിലേയ്ക്കായി ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചു.സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതും 50ൽ അധികം ജീവനക്കാർ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.ക്രഷിൽ ആവശ്യമായ ഫ്രിഡ്ജ്,ഗ്യാസ് കണക്ഷൻ,ശിശു സൗഹൃദ ഫർണിച്ചറുകൾ,ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകൾ,ക്രാഡിൽസ്,ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനായി ജില്ല വനിത ശിശു വികസന ഓഫീസർമാർക്ക് തുക അനുവദിച്ചതായി മന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് ഇന്ന് മുതൽ ഏഴ് വരെ മൂലയൂട്ടൽ വാരചരണമായി ആചരിക്കും.ലോക മുലയൂട്ടൽ വാരാചരണത്തിന്റെയും 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് രാവിലെ 11 മണിക്ക് പി.എസ്.സി ഓഫീസിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

@മുലപ്പാൽ ഏറെ പ്രധാനം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്.ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കണം.അതുപോലെ ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുകയും വേണം. ഈക്കാര്യങ്ങൾ കുഞ്ഞിന്റെ വളർച്ചയിൽ നിർണായകമാണ്.മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വനിത ശിശു വികസന വകുപ്പ് ഇതിനോടകം ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.