p

തിരുവനന്തപുരം: എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത രോഗികൾക്കുപോലും ഗവ. ആശുപത്രികളിൽ അതിരാവിലെ എത്തി മണിക്കൂറുകൾ ക്യൂനിന്ന് ഒ.പിയെടുത്ത് ഡോക്ടറെ കാണേണ്ടിവരുന്ന കഷ്ടപ്പാട് ഒഴിവാക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഇ- ഹെൽത്ത് ഓൺലൈൻ ഒ.പി സംവിധാനം അട്ടിമറിക്കാൻ ജീവനക്കാരുടെ ലോബി. ഇ-ഹെൽത്തിലൂടെ ഒ.പിയെടുത്ത് അതിന്റെ പ്രിന്റ് ഔട്ടുമായി ഡോക്ടറെ കാണാനെത്തുന്നവരോട് അത് പറ്റില്ലെന്നും ആശുപത്രിയിൽ നിന്ന് വീണ്ടും ഒ.പിയെടുക്കണമെന്നുമാണ് വാശിപിടിക്കുന്നത്. ക്യൂ നിൽക്കാതെ ഒ.പി ടോക്കൺ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞു പാവപ്പെട്ട രോഗികളിൽ നിന്നടക്കം പണം പിടുങ്ങുന്ന ജീവനക്കാരാണ് ഇതിനു പിന്നിൽ. ഇതുകാരണം മണിക്കൂറുകൾ വീണ്ടും ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ് രോഗികൾ.

ഇ- ഹെൽത്ത് സംവിധാനം വ്യാപകമായതോടെ ഇത് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് തങ്ങളുടെ 'വരുമാനം' നഷ്ടപ്പെടുമെന്ന് കണ്ട് ചില ജീവനക്കാരുടെ അട്ടിമറി ശ്രമം. തയ്യാറാകാത്ത രോഗികളോടും ബന്ധുക്കളോടും മോശമായ ഭാഷയിലാണ് പെരുമാറ്റം. ഓൺലൈനിലൂടെ ഒ.പി എടുക്കുന്നവർക്ക് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത് എത്തി ഡോക്ടറെ കണ്ട് മടങ്ങാം.

എസ്.എ.ടിയിലെ ദുരനുഭവം

10 വയസുള്ള കുട്ടിയെ ഡോക്ടറെ കാണിക്കാൻ ഇ-ഹെൽത്തിലൂടെ ഒ.പിയെടുത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്ത് നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിയ രക്ഷിതാക്കളെ ചില ജീവനക്കാർ അനുവദിച്ചില്ല. ന്യൂറോ ഒ.പിയ്ക്ക് പുറത്തുണ്ടായിരുന്ന ജീവനക്കാരാണ് ഇടപെട്ടത്. ർക്കത്തിനൊടുവിൽ ഒരു ഡോക്ടർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ധാരണയില്ലാത്ത ജീവനക്കാരും

ഇ- ഹെൽത്ത് സംവിധാനത്തെക്കുറിച്ച് ധാരണയില്ലാത്ത ജീവനക്കാർ ഇപ്പോഴും ആശുപത്രികളിലുണ്ട്. അവർക്ക് ഇതേക്കുറിച്ച് അവബോധം നൽകണമെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പറയുന്നു.

ഇ- ഹെൽത്ത് 452 ആശുപത്രികളിൽ

 മെഡിക്കൽ കോളേജുകൾ -12

 ജില്ലാ,ജനറൽ ആശുപത്രികൾ- 6

 പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങൾ- 364

 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ- 19

 താലൂക്ക്,സ്‌പെഷ്യാലിറ്റി ആശുപത്രികൾ- 51