
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നഗരസഭയിലെ കെട്ടിട നമ്പർ ക്രമക്കേട് വീണ്ടും കണ്ടെത്തി. കുന്നുകുഴിയിലുള്ള ഒരു വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിനാണ് അനധികൃതമായി നമ്പർ തരപ്പെടുത്തിയതായി കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഉടമസ്ഥനെയും കണ്ടെത്തിയിട്ടുണ്ട്. പുറത്ത് വിട്ടാൽ വിവാദമാകുമെന്ന കാരണത്താൽ നഗരസഭ തന്നെ ഈ ക്രമക്കേട് പൂഴ്ത്തിയിരിക്കുകയാണ്.
കേശവദാസപുരം വാർഡിൽ അനധികൃതമായി നമ്പർ തരപ്പെടുത്തിയ തട്ടിപ്പിന്റെ തുടർച്ചയായാണ് ഇതും നടന്നെന്നാണ് കരുതുന്നത്. സോഫ്ട് വെയറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ്‌വേർഡും അവരറിയാതെ ദുരുപയോഗം ചെയ്ത് മിനിട്ടിനുള്ളിലാണ് ഒരു ഉടമസ്ഥന്റെ വാണിജ്യ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയിരിക്കുന്നത്. കേശവദാസപുരത്തെ തട്ടിപ്പിന് പിന്നാലെ നഗരസഭയുടെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 12 കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരെണ്ണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയത്.
പ്രതികൾ പഴയത് തന്നെ
കേശവദാസപുരം വാർഡിൽ തട്ടിപ്പ് നടത്തിയവർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് നഗരസഭയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്നത്തെ തട്ടിപ്പിൽ രണ്ട് താത്കാലിക ജീവനക്കാരടക്കം നാല് പേർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോർട്ട് മേഖല ഓഫീസിലെ ബീനാ കുമാരി, കടകംപള്ളി മേഖല ഓഫീസിലെ സന്ധ്യ എന്നീ രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ
ഇടനിലക്കാരായ കാഞ്ഞിരംകുളം സ്വദേശി ഷെക്സിൻ (ലാലു), കോവളത്തുള്ള ബാങ്ക് ജീവനക്കാരനായ വലിയതുറ സ്വദേശി ക്രിസ്റ്റഫർ എന്നിവരാണ് ഇപ്പോൾ റിമാൻഡിലുള്ള പ്രതികൾ.
ആദ്യ കെട്ടിട നമ്പർ ക്രമക്കേട് നടത്തിയ അതേ കംപ്യൂട്ടറിൽ നിന്നാണ് ഇപ്പോൾ കണ്ടു പിടിച്ച ക്രമക്കേടും നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. ഐ.കെ.എമ്മിന്റെയും പരിശോധനയിൽ കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് ആദ്യ തട്ടിപ്പ് നടത്തിയ അതേ കംപ്യൂട്ടറിന്റേതാണെന്നും കണ്ടെത്തി നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയെന്നാണ് സൂചന.
'സഞ്ചയ' സോഫ്ട്‌വെയർ വഴി ബിൽ കളക്ടർ,റവന്യു ഇൻസ്‌പെകർ,റവന്യു ഓഫീസർ എന്നീ ഉദ്യോഗസ്ഥരുടെയും ഒരു ബില്ല് കളക്ടറുടെയും യൂസർ നെയിമും പാസ്‌വേഡും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ഭരണസമിതി സംഭവം പൂഴ്ത്തിയതിൽ ദുരൂഹത
നഗരസഭ ഭരണസമിതി ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും സംഭവം പൂഴ്ത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കെട്ടിട ഉടമ ഭരണസമിതിക്ക് വേണ്ടപ്പെട്ട ആളായത് കൊണ്ടാണ് സംഭവം ഒതുക്കി തീർക്കാൻ നോക്കുന്നതെന്നാണ് ആരോപണം. ആദ്യ തട്ടിപ്പ് കണ്ടെത്തിയിട്ടും അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ആദ്യ തട്ടിപ്പ് നടന്നെന്ന് മേയർ ആര്യാരാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞെങ്കിലും, രണ്ടാമത്തെ തട്ടിപ്പ് കണ്ടെത്തി ദിവസങ്ങളായിട്ടും അത് പുറത്ത് വിട്ടിട്ടില്ല. സംഭവം പുറത്താകാതെ അതീവ രഹസ്യമായാണ് കാര്യങ്ങൾ ഭരണസമിതി നീക്കുന്നത്. പ്രധാനപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരിൽ ചിലരും മാത്രമേ സംഭവം അറിഞ്ഞിട്ടുള്ളൂവെന്നാണ് സൂചന.