abon

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ് രംഗത്തെത്തുന്നത്. സ്കൂൾ വിദ്യാർത്ഥിനികളിൽപ്പോലും മയക്കുമരുന്നുകളുടെ ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശനനിലപാടുമായി സർക്കാർ നീങ്ങുന്നത്.

കഴിഞ്ഞ ദിവസം പന്തളത്ത് 154 ഗ്രാം എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേരും തിരുവനന്തപുരം ആക്കുളത്ത് ഇന്നലെ 75 ഗ്രാമുമായി യുവതി ഉൾപ്പെടെ നാലുപേരും പിടിയിലായ സാഹചര്യത്തിൽ കൂടിയാണ് നടപടി കടുപ്പിക്കുന്നത്.

മദ്യപിച്ചവരെ 'ബ്രെത്ത് അനലൈസറിൽ' ഊതിച്ചോ മണത്തോ പിടികൂടാം, എന്നാൽ, മയക്കുമരുന്നടിച്ചവരെ ഇതുകൊണ്ടൊന്നും കണ്ടെത്താനാവില്ല. ഇങ്ങനെ കൂളായി രക്ഷപ്പെടുന്നവരെ കുടുക്കാൻ 'ഉമിനീർ ടെസ്റ്റ്' നടത്തുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഉമിനീർ പരിശോധന കൊച്ചിയിൽ ഉൾപ്പെടെ ഇതിനകം നടത്തിയിട്ടുണ്ട്

സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തിയിട്ടില്ല. പതിനായിരം കിറ്റുകളാണ് എക്സൈസ് റെയ്ഞ്ച് ഓഫീസുകളിൽ എത്തിച്ചത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയാണ് ലക്ഷ്യമിടുന്നത്.

ഉമിനീരിന്റെ നനവ് പറ്റുന്ന സ്പോഞ്ചിൽ നിറവ്യത്യാസം ഉണ്ടാകുന്നതോടെയാണ് തിരിച്ചറിയുന്നത്. ആളെ ചോദ്യംചെയ്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തും. കൗൺസലിംഗിനും ഡി അഡിക്ഷൻ ചികിത്സയ്ക്കും തയ്യാറായാൽ നിയമ നടപടി ഒഴിവാക്കി നേർവഴിയിലാകാൻ അവസരം നൽകും. അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുക്കും.

ലോറി ഡ്രൈവർമാർക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താൻ ചെക്ക് പോസ്റ്റുകളിൽ ഗുജറാത്ത് പൊലീസാണ് ഇന്ത്യയിൽ ആദ്യമായി അബോൺകിറ്റ് ഉപയോഗിച്ചത്.

സ്പാേഞ്ചിന്റെ നിറം മാറും

# കിറ്റിന്റെ വലിപ്പം കഷ്ടിച്ച് പത്ത് സെന്റീമീറ്ററോളം

# കിറ്റിൽ സ്പോഞ്ച് ചുറ്റിയ സൂചി, പരിശോധനാദ്രാവകം

# സ്പോഞ്ച് ഭാഗം നാവിൽ സ്പർശിച്ച് ഉമിനീർ ശേഖരിക്കും

# ദ്രാവകത്തിൽ മുക്കുമ്പോൾ സ്പോഞ്ചിന് നിറവ്യത്യാസം

# ഒരു കിറ്റ് ഒരാൾക്ക് മാത്രം.

സമ്മതം വേണം

രക്തം ശേഖരിക്കാനെന്നപോലെ ഉമിനീർ പരിശോധന നടത്തണമെങ്കിലും ആ വ്യക്തിയുടെ സമ്മതം ആവശ്യമാണ്.

''മയക്കുമരുന്ന് ഉപയോഗം കൂടിയ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന വ്യാപകമാക്കും.

-ഇ.എൻ സുരേഷ്,​

അഡി. എക്സൈസ് കമ്മിഷണർ

..............................................................................

2.5 വർഷം; 1,625 കേസ്

1,800 'പിള്ളേർ' അറസ്റ്റിലായി

കൊച്ചി: കഴിഞ്ഞ 28 മാസത്തിനിടെ 21 വയസിൽ താഴെയുള്ള 1,800 പേരാണ് മയക്കുമരുന്ന് വില്പന (എൻ.ഡി.പി.എസ്) കേസുകളിൽ അറസ്റ്റിലായത്. 1,625 കേസുകളിലായാണിത്.

ഏറ്റവും കൂടുതൽ പേർ പിടിയിലായത് എറണാകുളത്ത്-330. തൃശൂർ തൊട്ടുപിന്നിൽ-274 പേർ. മൂന്നാമത് കോട്ടയം-259 പേർ. പിടിയിലാകുന്നവർക്ക് കൗൺസലിംഗ് നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന ശുഭ പ്രതീക്ഷയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ.

അബ്കാരി കേസിലും 28മാസത്തിനിടെ 113 കേസുകളിലായി 21വയസിൽ താഴെയുള്ള 119പേർ അറസ്റ്രിലായി. ഏറ്രവും കൂടുതൽ എറണാകുളത്ത്- 27പേർ. കോട്ടയം (18), കാസർകോട്, തൃശൂർ, പത്തനംതിട്ട (12), ആലപ്പുഴ (9), തിരുവനന്തപുരം (8), ഇടുക്കി (6), പാലക്കാട് (4) കോഴിക്കോട്, കണ്ണൂർ (3) വയനാട് (2), മലപ്പുറം (1) എന്നിങ്ങനെ മറ്റു ജില്ലകളിൽ.

ലഹരിക്കേസിലെ അറസ്റ്റ്

(28 മാസത്തിനുള്ളിൽ)

എറണാകുളം.....................................330

തൃശൂർ............................................... 274

കോട്ടയം..............................................259

ഇടുക്കി................................................187

ആലപ്പുഴ.............................................159

കൊല്ലം................................................139

പാലക്കാട്.............................................99

മലപ്പുറം................................................93

വയനാട്...............................................75

കണ്ണൂർ.................................................60

തിരുവനന്തപുരം............................... 56

പത്തനംതിട്ട.........................................44

കോഴിക്കോട്.......................................17

കാസർകോട്.........................................8