rajankhobragade

പൊലീസ് സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:കെ.എസ്.ഇ.ബി മുൻ ചെയർമാൻ ബി.അശോകിന്റെ തീരുമാനങ്ങൾ തിരുത്തി പുതിയ ചെയർമാൻ രാജൻ ഖോബ്രഗഡെ.

ചെയർമാന്റെ ഓഫീസിന് മുന്നിലെ പൊലീസ് സുരക്ഷ പിൻവലിക്കാൻ സ്റ്റേറ്റ് ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (എസ്.ഐ.എസ്.എഫ്) കമാൻഡർക്ക് ഖോബ്രഗഡെ കത്തയച്ചു. ഇന്ന് മുതൽ സുരക്ഷ വേണ്ടെന്നാണ് നിർദ്ദേശം.

യൂണിയനുമായുള്ള തർക്കത്തിനിടെയാണ് ബി.അശോക് ഓഫീസിന് മുന്നിൽ സുരക്ഷ വർദ്ധിപ്പിച്ചത്.ചെയർമാനുമായുള്ള കൂടിക്കാഴ്‌ചകളും നിയന്ത്രിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ ബി.അശോക് ഉപയോഗിച്ച വാക്കി ടോക്കി പുതിയ ചെയർമാൻ തൊട്ടിട്ടില്ല. ബി.അശോക് ഉപയോഗിച്ച മൂന്ന് ഔദ്യോഗിക വാഹനങ്ങളും ഒഴിവാക്കി. യൂണിയനുമായുള്ള ഉരസലിനിടെയാണ് ബി.അശോക് മഹീന്ദ്ര ഥാർ വാങ്ങിയത്. പുതുതായി രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള അദ്ദേഹത്തിന്റെ പർച്ചേസ് ഓർഡറും മരവിപ്പിച്ചു.

സി.ഐ.ടി.യു യൂണിയന് വഴങ്ങാതിരുന്നതാണ് അശോകിനെ തെറിപ്പിച്ചത്. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷയും, യൂണിയൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയും ഉൾപ്പെടെ ചെയർമാനും യൂണിയനുമായി നിരന്തരം കൊമ്പുകോർത്തിരുന്നു.പുതിയ ചെയർമാൻ വന്നതോടെ കാര്യങ്ങൾ പഴയപടിയാകുന്നുവെന്ന് ആരോപണമുണ്ട്.