
■ശമ്പളം കിട്ടാതെ വലഞ്ഞ് ജീവനക്കാരുടെ കുടുംബങ്ങൾ
തിരുവനന്തപുരം: വാരിക്കുഴിയിൽ നിന്ന് രക്ഷനേടാനുള്ള പാക്കേജ് കെ.എസ്.ആർ.ടി.സി തയ്യാറാക്കി നൽകിയിട്ടും മൗനം പാലിച്ച് സർക്കാർ.ശമ്പളം കിട്ടാതെ ജീവിതം വഴി മുട്ടി ജീവനക്കാരുടെ കുടുംബങ്ങൾ.
പ്രതിഷേധം മൂർച്ഛിക്കുന്നതിനിടെ,ഇലക്ട്രിക് ബസ്സുകൾ ഇന്ന് മുതൽ തടയുമെന്ന ഭീഷണിയുമായി ഭരണപക്ഷ യൂണിയനായ സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി.എ. ശമ്പളക്കുടിശിക രണ്ടു മാസത്തേതായി വർദ്ധിച്ചതോടെ ,സിഫ്ട് സിറ്റി ബസ് സർവീസ് നടത്തുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകളാകെ രോക്ഷത്തോടെ രംഗത്തെത്തി.
ബാങ്ക് കൺസോർഷ്യത്തിന്റെ തിരിച്ചടവിന് പ്രതിമാസം 30 കോടിയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുന്നതോടൊപ്പം ഒറ്റത്തവണയായി 250 കോടിയും പ്രതിമാസം 20 കോടി വീതം ആറ് മാസവും നൽകിയാൽ കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാമെന്നതാണ് രക്ഷാ പാക്കേജ്. ജൂൺ ആദ്യം നൽകിയ പാക്കേജ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ 25ന് ഗതാഗതമന്ത്രി ആന്റണി രാജുവിനേയും സി.എം.ഡി ബിജു പ്രഭാകറിനേയും വിളിച്ചുവരുത്തി ചർച്ച ചെയ്തെങ്കിലും ധനമന്ത്രി ഉൾപ്പെടെയുള്ളവരുമായുള്ള തുടർ ചർച്ചകൾ നടന്നില്ല.
സർക്കാർ പദ്ധതി അംഗീകരിച്ചാൽ പ്രതിദിനം 8 കോടി നിരക്കിൽ പ്രതിമാസം 240 കോടി വരുമാനമുണ്ടാക്കാമെന്നാണ് കെ.എസ്.ആർ.ടി.യുടെ കണക്ക്. കട്ടപ്പുറത്തിരിക്കുന്ന 500 ബസുകൾ കൂടി നിരത്തിലിറങ്ങുമ്പോൾ പ്രതിദിനം 4200 സർവീസുകൾ . ശരാശരി 3500 ബസ് സർവീസ് നടന്ന കഴിഞ്ഞ മാസം 186.26 കോടി വരുമാനം. ടിക്കറ്റിതര വരുമാനത്തിലൂടെ ലഭിച്ച 13.5 കോടി ഉൾപ്പെടെ 199.76 കോടി.
വാഗ്ദാനം തള്ളി സംഘടനകൾ
കെ.സ്വിഫ്ട്് തിരുവനന്തപുരം സിറ്റി സർവീസിന് തൊഴിലാളി സംഘടനകളുടെ സഹകരണം തേടിയാണ് ഇന്നലെ സി.എം.ഡി യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചത്. പ്രതിഷേധമൊഴിവാക്കാൻ കുടിശ്ശിക ശമ്പളം ആഗസ്റ്റ് പത്തിന് മുമ്പ് പൂർണ്ണമായും നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, യൂണിയനുകൾ വഴങ്ങിയില്ല. പ്രതിപക്ഷ സംഘടനകളായ ബി.എം.എസും ടി.ഡി.എഫും ബഹിഷ്കരണം പ്രഖ്യാപിച്ചു.. എംപ്ലോയ്മെന്റ് അസോസിയേഷൻ ( സി.ഐ.ടി.യു)ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസുകൾ തടയും.
.■ജൂണിലെ ശമ്പളം കിട്ടിയവർ:
താൽക്കാലിക ജീവനക്കാർ, ഡ്രൈവർ, കണ്ടക്ടർ
■കിട്ടാത്തവർ:
മെക്കാനിക്കൽ , സെക്യൂരിറ്റി , മിനിസ്റ്റീരിയൽ , ഉന്നത ഉദ്യോഗസ്ഥർ...