
പൂവാർ: ജില്ലാ ഉപഭോക്‌തൃസമിതിയുടെ തിരുപുറം യൂണിറ്റ് സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തിരുപുറം സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന രണ്ടാമത് ഇന്റർനാഷണൽ കിക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ തിരുപുറം സ്വദേശി അരുൺ എസ്. നായരെ അനുമോദിച്ചു.
അരുൺ കൊൽക്കത്തയിൽ ആയതിനാൽ അദ്ദേഹത്തിന്റെ പിതാവ് സുരേന്ദ്രനും മാതാവ് ഉഷയും ചേർന്ന് കെ. ആൻസലൻ എം.എൽ.എ യിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ ഉപഭോക്‌തൃ സമിതി ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തിരുപുറം സുരേഷ് ഉപഹാരങ്ങൾ നൽകി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിനി എം. അനീഷാ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ പി.ആർ, ഉപഭോക്‌തൃ സമിതി ജില്ലാ കമ്മിറ്റി അംഗം ബി.വിത്സൻ, സമിതി താലൂക്ക് ജോയിന്റ് സെക്രട്ടറി തിരുപുറം സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുതിയ യൂണിറ്റ് തിരെഞ്ഞെടുപ്പും സെമിനാറും നടന്നു. 2019 ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തെ ആസ്പദമാക്കി നടന്ന സെമിനാർ. ജില്ലാ ഉപഭോക്‌തൃ സമിതി നിയമവിഭാഗം കൺവീനർ അഡ്വ.വി.ജ്യോതി നയിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അരുമനായകം സ്വാഗതവും ട്രഷറർ വി.രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി തിരുപുറം സതീഷ് കുമാർ(പ്രസിഡന്റ്),ജയരാജ്(വൈസ് പ്രസിഡന്റ്), അരുമനായകം(സെക്രട്ടറി), ബിജു(ജോയിന്റ് സെക്രട്ടറി), വി.രാമചന്ദ്രൻ നായർ(ട്രഷറർ) ഉൾപ്പെടെ 15 അംഗ കമ്മിറ്റിക്ക് രൂപം നൽകി.