car

മദ്ധ്യ, വടക്കൻ ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും വരെ കാരണമാകുന്ന അതിതീവ്രമഴ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മദ്ധ്യ വടക്കൻ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത.

രണ്ടാഴ്ചയായി കാലവർഷം കുറവായിരുന്നു.മൺസൂൺ മഴപ്പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാൽ ഉണ്ടായ മൺസൂൺ ബ്രേക്കാണ് മഴ കുറച്ചത്. ഇതു മാറി മഴപ്പാത്തി തിരിച്ച് തെക്കോട്ട് വന്നതിനാൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി. ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ രണ്ട് ന്യൂനമർദ്ദവും രൂപപ്പെടും. ഇതിന്റെയെല്ലാം ഫലമായാണ് മഴ തീവ്രമാകുന്നത്. ചുരുങ്ങിയ സമയത്തിനകം കനത്ത മഴ പെയ്യും.

ആഗസ്റ്റ് 5 വരെ അതിതീവ്ര മഴ

(20 സെന്റിമീറ്രറിന് മുകളിൽ)

നാളെ - പത്തനംതിട്ട, കൊല്ലം

ആഗസ്റ്റ് 3- എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം

ആഗസ്റ്റ് 4 - കണ്ണൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി

അതിശക്തമായ മഴ

(12 മുതൽ 20 സെന്റിമീറ്റർ വരെ )

ഇന്ന് - എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം

നാളെ - തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം

ആഗസ്റ്റ് 3 - കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, കൊല്ലം, തിരുവനന്തപുരം

ആഗസ്റ്റ് 4 - കാസർകോട്, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട

മിന്നൽ പ്രളയവും ഉരുൾപൊട്ടലും

മഴ ശക്തമായാൽ മലയോര മേഖലകളിൽ ഉരുൾപ്പൊട്ടി പെട്ടെന്ന് നദികളിൽ വെള്ളം പൊങ്ങും. കഴിഞ്ഞ രണ്ട് വർഷവും ഇത് സംഭവിച്ചു.

ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഒരാഴ്ച കഴിഞ്ഞ് മഴ കുറയും

പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ഒരാഴ്ച കഴിഞ്ഞ് ക്രമേണ കുറഞ്ഞ് മഴ സാധാരണ നിലയിലെത്തും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായ മഴ പെയ്യിക്കും. അത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകില്ല.

കടലിൽ പോകരുത്

ആഗസ്റ്റ് നാല് വരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലയ്‌ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം നിരോധിച്ചു. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഇന്ന് കടലിൽ പോകാൻ നിൽക്കുന്ന മത്സ്യത്തൊഴിലാളികൾ വറുതിയിലാകും.

അറബിക്കടലിൽ ഒരു മീറ്ററിലേറെ ഉയരമുള്ള തിരമാല അടിക്കാം.