
ചവറ: ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിലെ പ്രധാന ഗേറ്റ് കടത്തിക്കൊണ്ടുപോയവർ പിടിയിൽ.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മതിലുകൾ പൊളിച്ചു നീക്കുന്നതോടൊപ്പം ഗേറ്റും മാറ്റി കോളേജിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗേറ്റിന്റെ രണ്ടു ഭാഗങ്ങളിൽ ഒരെണ്ണം ആണ് പെട്ടി ഓട്ടോയിൽ പട്ടാപകൽ കടത്തിയത്. 200 കി.ഗ്രാം തൂക്കംവരുന്ന ഗേറ്റ് ചവറ തട്ടാശ്ശേരിയിലുള്ള ആക്രിക്കടയിൽ വിറ്റ് 6000 രൂപയോളം വാങ്ങി സമീപത്തെ ബാറിൽ കയറി മദ്യപിക്കുമ്പോഴാണ് മോഷ്ടാക്കൾ പൊലീസ് പിടിയിലാവുന്നത്. ചവറ തോട്ടിന് വടക്ക് കുഞ്ഞുമോൻ എന്നു വിളിക്കുന്ന പൊടിയൻ , അബി എന്നുവിളിക്കുന്ന ആദീത് എന്നിവരെയാണ് പിടികൂടിയത് ആദിതിന്റെ ഓട്ടോയിലാണ് ഗേറ്റ് കടത്തിയത്. കോളേജിന് എതിർവശത്ത് കൽപ്പണി ചെയ്തുകൊണ്ടിരുന്നവരാണ് ഗേറ്റിന്റെ ഒരു ഭാഗം മാത്രം കൊണ്ടുപോകുന്നത് കണ്ടത്. സംശയം തോന്നിയ തൊഴിലാളികൾ ഉടൻ തന്നെ കോളേജിൽ വിവരം അറിയിക്കുകയായിരുന്നു. കോളേജിലെ അദ്ധ്യാപകർ ബൈക്കുകളിൽ ഗേറ്റുമായി പോയ സ്ഥലത്തേക്ക് പിന്തുടർന്ന് ചെന്നപ്പോഴാണ് ആക്രിക്കടയിൽ ഗേറ്റുമായി നിൽക്കുന്നവരെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചവറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.