തിരുവനന്തപുരം: നഗരത്തിൽ ഇനി സർവീസ് നടത്താൻ ഇലക്ട്രിക് ബസുകളും. കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ ഇലക്ട്രിക് ബസ് സർവീസിന്റെ പരീക്ഷണഓട്ടം ഇന്നലെ നടന്നു. ഇന്ന് രാവിലെ 9ന് തമ്പാനൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണിരാജു സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
25 ഇ - ബസുകൾ നിലവിലെ സർക്കുലർ സർവീസിന് ഉപയോഗിക്കും. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിംഗിന് വേണ്ടി ഉപയോഗിക്കും. സർവീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്‌ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂർ സർവീസ് ആരംഭിക്കുന്ന എയർ - റെയിൽ സർക്കിളിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.
ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചുമെത്തിക്കുന്ന തരത്തിലാണ് സർവീസ്.