
ഇരിങ്ങാലക്കുട: വഴിയിൽ ബസ് കാത്തുനിൽക്കുന്നവർക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകി അവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്നയാളെ പിടികൂടി. എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലിനെയാണ് (25) തൃശൂർ റൂറൽ എസ്.പി: ഐശ്വര്യ ഡോഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സ്കൂട്ടറിൽ ലിഫ്റ്റ് ലഭിച്ച രണ്ടുപേരുടെ സ്മാർട്ട് ഫോണുകൾ സ്കൂട്ടർ യാത്രക്കാരൻ കവർന്നതായി പൊലീസിന് പരാതി ലഭിക്കുന്നത്. തുടർന്ന് നഗരത്തിലെ വിവിധ റോഡുകളിലുള്ള സി.സി.ടി.വി കാമറകളിൽ നിന്ന് പ്രതിയുടെ സഞ്ചാരവഴികൾ മനസിലാക്കിയ പൊലീസ് വേഷംമാറി ലിഫ്റ്റ് കിട്ടുവാനായി റോഡരികൽ കാത്തു നിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്കൂട്ടർ നിറുത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഫോണുകൾ മറ്റു കടകളിൽ വിൽക്കുകയാണ് പതിവ്. കാട്ടൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട എസ്.ഐ: എം.എസ്. ഷാജൻ, എ.എസ്.ഐ: മുഹമ്മദ് അഷറഫ്, ജസ്റ്റിൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, എം.ബി. സബീഷ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ശബരി കൃഷ്ണൻ, പി.എം. ഷെമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.