കോട്ടയം: വിവിധ ജില്ലകളിലായി നൂറോളം കേസുകളിലെ പ്രതി പിടിയിൽ. മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ സുരേഷ് (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പാറത്തോടുള്ള ഫ്രാൻസിസ് ചെറുകരയുടെ വീട്ടിൽ ഇയാൾ മോഷണം നടത്തിയിരുന്നു. മോഷണത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണർകാട്, പള്ളിക്കത്തോട്, തിടനാട്, പാലാ എന്നീ സ്റ്റേഷനുകളിലായി നൂറോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, രാമപുരം എസ്.എച്ച്.ഒ. കെ.എൻ രാജേഷ്, എസ്.ഐമാരായ പി.എസ് അരുൺകുമാർ, എം.ജി സാബു, സി.പി.ഒമാരായ കൃഷ്ണകുമാർ, റോബി തോമസ്, പി.എസ് ശരത് കുമാർ, നിതാന്ത് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.