മാനന്തവാടി: ബസ്സ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ അതിവേഗം ആശുപത്രിയിലെത്തിക്കുക വഴി ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ രമേശനും, കണ്ടക്ടർ പ്രദീപുമാണ് ബസ്സിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ ആളെ കോഴിക്കോട് ഇഖ്ര ആശുപത്രിയിലെത്തിച്ചത്. ലൈറ്റിട്ട് അതിവേഗം രോഗിയെ ബസ്സിൽ ആശുപത്രിയിലെത്തിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് മാനന്തവാടിയിൽ നിന്ന് തൊട്ടിൽപ്പാലം വഴി കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ്സിലായിരുന്നു സംഭവം.
അവശനായ ആളെ പെട്ടന്ന് ആശുപത്രിയിലെത്തിക്കാൻ പൂളക്കടവ് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് കണ്ണൂർ റോഡ് വഴി കോഴിക്കോട് നഗരത്തിലേക്ക് പോകേണ്ട ബസ്സ് ഡ്രൈവർ രമേശൻ ബൈപ്പാസിലൂടെ തന്നെ മലാപ്പറമ്പ് വഴി തിരിക്കുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ആശുപത്രിയിൽ വിളിച്ചു പറഞ്ഞതിനനുസരിച്ച് ബസ്സ് ആശുപത്രിയിലെത്തിയപ്പോൾ തന്നെ സ്‌ട്രക്ച്ചർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ആശുപത്രി അധികൃതർ ഒരുക്കി. അത്തോളിയിൽ നിന്ന് ബസ്സിൽ കയറിയ ആൾക്കാണ് അസുഖം ഉണ്ടായത്. ബസ്സിലുണ്ടായിരുന്ന ഒരു ഡോക്ടർ ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകിയതും സഹായകരമായതായി ജീവനക്കാർ പറഞ്ഞു. രമേശൻ പനമരം സ്വദേശിയും പ്രദീപ് തോണിച്ചാൽ സ്വദേശിയുമാണ്.