കാട്ടിക്കുളം: പി.എൽ.ബാവക്ക് വനം വകുപ്പ് നൽകിയ ഉറപ്പുകൾ ഒന്നും ഇതേവരെ നടപ്പിലായില്ല. കാട്ടാനകൾ ബാവയുടെ തോട്ടത്തിൽ നിന്ന് കയറുന്നുമില്ല. കാട്ടാനശല്യത്തെ തുടർന്ന് വനം വകുപ്പ് ഓഫിസിന് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സമരം നടത്തിയ കർഷകന്റെ തോട്ടത്തിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം തന്നെ. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫിസിന് മുന്നിൽ ആത്മഹത്യ ഭിഷണി മുഴക്കിയ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വെള്ളാഞ്ചേരി പി.എൽ ബാവ എന്ന പൗലോസിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം വിണ്ടും കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയത്.
ബാവയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് വനംവകുപ്പ് നൽകിയ ഉറപ്പുകൾ പാലിക്കാത്തതാണ് കാട്ടാനകൾ വീണ്ടും തോട്ടത്തിലെത്താൻ കാരണം. വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങാതെ കാവൽ ശക്തമാക്കുമെന്നും, തൂക്ക് ഫൈൻസിംഗ് നവീകരിക്കുമെന്നും ഡി.എഫ്.ഒ ദർശൻ ഖട്ടാനി അടക്കമുള്ള ഉന്നത വനപാലകർ ഉറപ്പു നൽകിയിരുന്നു. എന്നാൽ കുറച്ച് സ്ഥലത്ത് ഫെൻസിംഗ് സ്ഥാപിക്കുക മാത്രമാണ് വകുപ്പ് ചെയ്തത്.
കാവൽ നിൽക്കുന്നുണ്ട് എന്ന് പറയുമ്പോഴും അന്നു മുതൽ എല്ലാ ദിവസവും ഈ പ്രദേശത്ത് കാട്ടാനകൾ നാശനഷ്ടങ്ങൾ വരുത്തുകയാണ്. വനംവകുപ്പ് സംരക്ഷണം ഒരുക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിനിറങ്ങുമെന്ന് ബാവ പറഞ്ഞു.