മുട്ടിൽ: അപകടങ്ങൾ തുടർക്കഥയാവുകയാണ് മുട്ടിൽ വാര്യാടിൽനു. ഇന്നലെ രാവിലെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കോയമ്പത്തൂർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കേളേജിലെ ഒന്നാം വർഷ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളായ മിഥുൻ, യദു, അനന്തു എന്നിവർ മരിച്ചു.
മരണപ്പെട്ട പുൽപ്പള്ളി കബനിഗിരിയിലെ അനന്തു (20)വിന്റെ വീട്ടിൽ വന്ന ശേഷം വയനാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ പോകവേയായിരുന്നു അപകടം സംഭവിച്ചത്. ഇവരുടെ സുഹൃത്തുക്കളായ ഒറ്റപ്പാലം പത്തൻകുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി കുറ്റ്യാട്ട് പൊയിൽതാഴം സ്വദേശി യാദവ് എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ഈ റോഡിൽ തന്നെ ജൂൺ നാലിന് കാറും ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ കൃഷ്ണഗിരി സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇതേ റോഡിൽ വെച്ചുതന്നെ ജൂൺ 28ന് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്കും, റോഡരികിൽ നിൽക്കുകയായിരുന്ന അമ്പതാംമൈൽ കോളനിയിലെ ഹോട്ടൽ ജീവനക്കാരിക്കും പരിക്കേറ്റു. ദേശീയപാതയായ വാര്യാടിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ഇതിനുവേണ്ട പരിഹാര മാർഗ്ഗങ്ങളൊന്നും നിലവിൽ വന്നിട്ടില്ല. എത്രയുംവേഗത്തിൽ അപകടങ്ങൾ കുറക്കാനുള്ള മാർഗ്ഗങ്ങൾ ഈ റോഡിൽ നടപ്പിലാക്കിയില്ലെങ്കിൽ മനുഷ്യജീവനുകൾ ഇനിയും പൊലിഞ്ഞേക്കാം.