കൽപ്പറ്റ: കൽപറ്റ ബൈപാസ് റോഡിന്റെ പ്രവൃത്തിയിൽ വീഴ്ച വരുത്തിയ കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ സസ്‌പെന്റ് ചെയ്തു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എൻജിനിയറോടും വിശദീകരണം ചോദിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇക്കാര്യം കുറിച്ചിട്ടുണ്ട്.
വർഷങ്ങളായുള്ള കൽപ്പറ്റ ബൈപാസ് പ്രശ്നം ജൂൺ നാലിന് മന്ത്രി മുഹമ്മദ് റിയാസ് (പി.ഡബ്ല്യു.ഡി മിഷൻ ടീം) പങ്കെടുത്തുകൊണ്ട് ചേർന്ന വയനാട് ജില്ലയിലെ ഡി.ഐ.സി.സി യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. ജില്ലാ കളക്ടർ എ.ഗീതയുടെ അദ്ധ്യക്ഷതയിലായിരുന്നു അന്നത്തെ യോഗം. കൽപ്പറ്റ ബൈപാസിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത് യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കകം കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നും ഉൾപ്പെടെ കർശന നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാൻ തീരുമാനിച്ചു.
യോഗത്തിലെ തീരുമാനങ്ങൾ പൂർണമായി നടപ്പിലാക്കാൻ സാധിക്കാത്തതിനാലാണ് കർശന നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ ഇതിന്റെ മേൽനോട്ടം നിർവ്വഹിക്കും.
റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറോട് വകുപ്പിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടത് ജില്ലു കലക്ടറാണ്.