കൽപ്പറ്റ: ജില്ലയിൽ കാലവർഷം കനത്തോടെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി.പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു. കബനിയിൽ ജലനിരപ്പ് ഉയർന്നു. പുഴയോരങ്ങളിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
ബാണാസുരസാഗർ,കാരാപ്പുഴ ഡാം എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയിൽ മലമേഖലകളിൽ കനത്ത മഴയാണ്.ശക്തമായ കാറ്റും ഉണ്ട്. ഹെക്ടർ കണക്കിന് കാർഷിക വിളകൾ വെളളത്തിനടിയിലാണ്.കാറ്റിലും മഴയിലും പലയിടത്തും വാഴകൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. ചുരം മേഖലകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ബോയ്സ് ടൗൺ പാൽചുരം പാതയിലെ തടസങ്ങളെല്ലാം നീക്കിയിട്ടുണ്ട്. താമരശ്ശേരി,കുറ്റ്യാടി ചുരം മേഖലകളിലും കനത്ത മഴയാണ്.
നൂൽപ്പുഴ കരകവിഞ്ഞു; കല്ലൂരിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിലായി
സുൽത്താൻ ബത്തേരി : തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ കബനിയുടെ കൈവഴിയായ നൂൽപ്പുഴ കരകവിഞ്ഞതോടെ കല്ലൂരിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിലായി. കല്ലൂർ കല്ലുമുക്ക് റോഡ് അരികിലുള്ള ഇരുനൂറ്റി അമ്പതോളം ഏക്കർ സ്ഥലത്തെ നെൽവയലുകളിലാണ് വെള്ളം കയറിയത്. പതിനഞ്ചോളം കർഷകരുടെ ഞാറും നിരവധിപേരുടെ വിതച്ച നെൽകൃഷികളുമാണ് വെള്ളത്തിലായത്.
കല്ലൂരിലെ കല്ലൂർ വീട്ടിൽ സജീവ് കുമാർ, ഭാസ്‌ക്കരൻ, ഐക്കരകുന്ന് വർഗീസ്, കുമ്പാരക്കര സുബ്രഹ്മണ്യൻ, തടികുളങ്ങര കുര്യാക്കോസ്, അവറാച്ചൻ, ചാഴിപ്പാറ ജോബി, മുറിമുറ്റ് ജോസ്. കല്ലൂർ സുരേഷ് തുടങ്ങി നിരവധി പേരുടെ ഞാറും വിതച്ച നെൽകൃഷിയുമാണ് വെള്ളത്തിലായത്. മിക്കവർക്കും ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ നെൽവയലുകളാണുള്ളത്. ഇവിടെക്ക് കൃഷിയിറക്കുന്നതിന് വേണ്ട ഞാറുകളാണ് വെള്ളം കയറി നശിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി പെയ്തുവരുന്ന മഴയിൽ കല്ലൂരിലെ ബണ്ട് പെട്ടിയും പുഴ കരകവിഞ്ഞുമാണ് നെൽവയലുകൾ വെള്ളത്തിനടിയിലായത്. പുഴക്ക് സമാന്തരമായി നിൽക്കുന്ന വയലുകളായതിനാൽ കർഷകർ മിക്കവരും ഞാറ് വെച്ചതിനൊപ്പം കുറെ സ്ഥലം ചളിയിൽ വിതക്കുകയും ചെയ്തു. തുടർച്ചയായി പെയ്തമഴയിൽ പുഴയിലെ ജലവിതാനം ഉയർന്നതോടെ വയലിലെ വെള്ളം ഇറങ്ങാതായി. ഒന്നര ആഴ്ചയിലധികമായി വെള്ളം കയറി കിടക്കുന്ന വയലിലെ നെൽ വിത്തുകളെല്ലാം ചീഞ്ഞ് പോവുകയും ചെയ്തു.
പുഴയിൽ നിന്ന് അരകിലോമീറ്റർ മാറിയുള്ള വയലുകളെല്ലാം വെള്ളത്തിനടിയിലാണ്.പറിച്ച് നടാറായ ഞാറ് പോലും പെട്ടന്ന് വെള്ളമിറങ്ങിയാലും ഉപയോഗിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയമാണ്. ചളിയും മണലും കയറി മൂടികിടക്കുകയാണ് . വയലിൽ വിത്ത് വിതച്ചുകഴിഞ്ഞാൽ പിന്നെ മിക്ക കർഷകരുടെ പക്കലും നെല്ലുകൾ ഉണ്ടാവുക വിരളമാണ്. വെള്ളം കയറി ഞാറും, വിതച്ച നെൽകൃഷിയുമെല്ലാം വെള്ളത്തിനടിയിലായി നശിച്ചതോടെ ഇനി കൃഷിയിറക്കണമെങ്കിൽ നെൽവിത്ത് കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ.
വീടിനു മുകളിൽ മരം വീണു
മീനങ്ങാടി : കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു. മീനങ്ങാടി ഗവ. എൽ.പി സ്‌കൂളിനു സമീപം വാരിയംകണ്ടി റഹ്മു ബക്കറിന്റെ വീടിനു മുകളിലാണ് റോഡരികിലുണ്ടായിരുന്ന ചമതമരം മറിഞ്ഞു വീണത്. ഞായറാഴ്ച പുലർച്ചെ അഞ്ചര മണിക്കാണ് അപകടം. വീടിന്റെ സംരക്ഷണഭിത്തിയും ഒരു ഭാഗത്തെ ഓടുകളും തകർന്നു. റോഡ് നവീകരണം നടക്കുന്നതിനാൽ സമീപത്തു നിന്നും മണ്ണു മാറ്റിയിരുന്നു. മരത്തിനു സമീപത്ത് ഇലക്ട്രിക് ലൈൻ ഉണ്ടായിരുന്നെങ്കിലും അതിൽ പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
മാനന്തവാടി: മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടി കെ എസ് ആർ ടി സി ഗ്യാരേജ് റോഡിലാണ് സമിപത്തെ ഖബർസ്ഥാനിൽ നിന്നുള്ള മരം കടപുഴകി വീണത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.