മാനന്തവാടി: മാനന്തവാടി നഗരസഭയിൽ ഉപാദ്ധ്യക്ഷ സ്ഥാനം വീതംവെപ്പിനെചൊല്ലി യു.ഡി.എഫിൽ ഉരുത്തിരിഞ്ഞ തർക്കം തുടരുന്നു. തർക്കങ്ങൾക്ക് പരിഹാരം എന്ന നിലയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യന്റെ പേര് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിർദ്ദേശിക്കാനുള്ള നീക്കത്തിലാണ് മുസ്ലിംലീഗിലെ ഒരു വിഭാഗം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്.
മുസ്ലിംലീഗ് നോമിനിയായി അഡ്വ. സിന്ധു സെബാസ്റ്റ്യൻ ചെയർപേഴ്സൺ ആകുമ്പോൾ ജേക്കബ് സെബാസ്റ്റ്യനെ വൈസ് ചെയർമാനാക്കി പ്രശ്നം പരിഹരിക്കണമെന്നാണ് പുതിയ നിർദ്ദേശം.
ഒന്നര വർഷത്തേക്ക് അനുവദിക്കപ്പെട്ട വൈസ് ചെയർമാൻ സ്ഥാനം ലീഗ് നേതാവ് പി.വി.എസ്.മൂസ ഒഴിഞ്ഞ് പകരം കോൺഗ്രസ് പ്രതിനിധി വൈസ് ചെയർമാനായി വരണമെന്നാണ് ധാരണ. ഇതോടൊപ്പം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ലീഗിന് നൽകുകയും വേണം. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ അവിചാരിതമായി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിന് നഷ്ടമായിരുന്നു. മുൻധാരണ നടപ്പിലാക്കുന്നതിന് കീറാമുട്ടിയായത് ഇതാണ്. നിലവിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ കോൺഗ്രസിലെ പി.വി.ജോർജ്ജ് രാജിവച്ചാൽ മാത്രമേ നിലവിലെ ധാരണ പ്രകാരം മുസ്ലിംലീഗ് പ്രതിനിധിയെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പരിഗണിക്കാൻ സാധിക്കുകയുളളു. എന്നാൽ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് പി.വി.ജോർജ്ജ്.
സി.കെ.രത്നവല്ലിയെ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിലാണ് കോൺഗ്രസിലെ ഒരുവിഭാഗം. കുഴിനിലം ഡിവിഷനിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചെത്തിയ ലേഖ രാജീവനെ ചെയർപേഴ്സൺ ആക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം.
മുസ്ലിംലീഗ് പ്രതിനിധിയെ തോൽപിച്ച ലേഖ രാജീവനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. തർക്കം പരിഹരിക്കാൻ ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. യു.ഡി.എഫിലെ തർക്കം കാരണം വികസനപ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ ആളില്ലാതായെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.