thimmappan
തിമ്മപ്പ ചെട്ടി

മാനന്തവാടി: രോഗിയായ 74 കാരന്റെ 2.5 സെന്റ് സ്ഥലവും വീടും കുടിശ്ശിക തുകയ്ക്ക് വേണ്ടി ജപ്തി ചെയ്യാൻ റവന്യൂ വകുപ്പ് നോട്ടീസയച്ചു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിനാലാണ് റിക്കവറിക്ക് റവന്യു വകുപ്പിനെ സമീപിച്ചെന്നാണ് കെ.എസ്.ഇ.ബി വാദം. 2018 മുതലാണ് പണം വസൂലാക്കാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങിയത്.

എന്നാൽ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളവരെ മറക്കുന്ന കെ.എസ്.ഇ.ബിയും റവന്യു വകുപ്പും സാധാരണക്കാരന്റെ കാര്യത്തിൽ ഈപരിഗണന നൽകുന്നില്ലെന്നാണ് ആരോപണം.

മാനന്തവാടി താലൂക്കിലെ തിരുനെല്ലി അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്. 2014 എടുത്ത വൈദ്യുതി കണക്‌ഷന്റെ അടയ്ക്കാൻ ബാക്കി വന്ന തുകയാണ് കുടിശ്ശികയായി രോഗിയായ തിമ്മപ്പൻ ചെട്ടിയുടെ മൂന്ന് സെന്റ് സ്ഥലം ജപ്തി ചെയ്യുന്ന നിലയിലേക്ക് എത്തിയത്. എന്നാൽ വാർദ്ധക്യ പെൻഷൻ ഉൾപ്പെടെ എടുത്ത് പല തവണ പണമടച്ചിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
90 മുതൽ പലവിധ രോഗങ്ങളാൽ വലയുന്ന ഇദ്ദേഹവും ഭാര്യയും ഇപ്പോൾ ചേകാടിയിൽ മകളോടൊപ്പമാണ് താമസം. ഇതേകുറിച്ച് വാർത്തകൾ വന്നതോടെ 1600 രൂപ അടച്ച് വിഷയം പരിഹരിക്കാം എന്ന് പറഞ്ഞ് അധികൃതർ വിളിച്ചിരുന്നുവെങ്കിലും മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത തനിക്ക് പണമടയ്ക്കാൻ കഴിയില്ലെന്നാണ് തിമ്മപ്പ ചെട്ടി പറയുന്നത്.

കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് മാനന്തവാടി തഹസിൽദാർ എം.ജെ.അഗസ്റ്റിൻ പറഞ്ഞു. പണം അടയ്ക്കാൻ സെപ്തംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക തവണകളായി അടയ്ക്കാമെന്ന് തിമ്മപ്പ ചെട്ടി സമ്മതിച്ചിരുന്നതായും 11,000 രൂപ അടയ്ക്കാനുളളിടത്ത് രണ്ടു തവണയായി 5040 രൂപ ലഭിച്ചതായും തഹസിൽദാർ പറഞ്ഞു.