തിരുനെല്ലി: ആനശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് തൃശ്ശിലേരി മുത്തുമാരി തുത്തോട് പ്രദേശത്തുള്ളവർ. വൈകുന്നേരമാകുന്നതോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകളെ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. ആനകൾ ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് തടയാൻ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് മുത്തുമാരിക്കാർ.

പാറയ്ക്കൽ സഖറിയ, വള്ളിച്ചിറ പുത്തൻവീട് ജോയി, ജോസഫ്, പനച്ചിക്കൽ തങ്കച്ചൻ വടക്കെക്കര വന്നൂർ ബാബു ആന്റണി, എഴരയിൽ തങ്കച്ചൻ, മണി, ജോമേഷ്, വെളിയപ്പള്ളി അബ്രഹാം, ആന്റണി ബിജു എന്നിവരുടെ തോട്ടത്തിലാണ് ആന കഴിഞ്ഞ ദിവസം വ്യാപക കൃഷിനാശം വരുത്തിയത്. വാഴ, ഇഞ്ചി, കാപ്പി തെങ്ങ്,കവുങ്ങ്,പ്ലാവ് ,ഇഞ്ചി എന്നിവ ആന നശിപ്പിച്ചു.

കഴിഞ്ഞ ദിവസം മാനന്തവാടി സ്റ്റേഷനിലെ എസ്‌.ഐ സഖറിയ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ആനയുടെ മുമ്പിൽപ്പെട്ടിരുന്നു. സാധാരണ ബൈക്കിൽ വീട്ടിലേക്ക് പോകാറുള്ള അദ്ദേഹം അന്ന് ജീപ്പിൽ വന്നതിനാലാണ് രക്ഷപ്പെട്ടത്.

കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പ്രദേശത്തെ മുഴുവൻസംഘടനകളെയും ഒരുമിപ്പിച്ച് ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ. വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ്ങും, ട്രഞ്ചും കാലപ്പഴക്കത്താൽ നശിച്ചതും, സ്വകാര്യ വ്യക്തിയുടെ വന സമാനമായ തോട്ടവും കാരണം പകലും വന്യമൃഗങ്ങളെ ഭയന്നാണ് തൃശ്ശിലേരി തൂത്തോട്, അമ്പലമൂല, മുണ്ടൻകുറ്റി പ്രദേശങ്ങളിലെ ജനങ്ങൾ കഴിയുന്നത്.