സുൽത്താൻബത്തേരി: പതിറ്റാണ്ടുകളായി യാത്രാ ദുരിതം പേറി നെന്മേനി അച്ചൻപടി പാമ്പുംകുനി പ്രദേശവാസികൾ.
മഴ പെയ്താൽ ചളിക്കുളമായ റോഡിലൂടെ കാൽനടയാത്രപോലും സാധ്യമല്ല. രണ്ട് കോളനികളടക്കം പ്രദേശത്തെ അറുപതോളം കുടുംബങ്ങൾ ഏക ആശ്രയമാണ് റോഡ്. താളൂർ റോഡിൽ കോളിയാടിക്കും മാടക്കരക്കും ഇടയിലുള്ള സ്ഥലമാണ് അച്ചൻപടി. ഇവിടെനിന്നുമാണ് പാമ്പുംകുനിയിലേക്കുള്ള രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ആരംഭിക്കുന്നത്. ഇതിൽ ആദ്യത്തെ ഒരു കിലോമീറ്റർ ദൂരം ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാൽ തുടർന്നുവരുന്ന ഒന്നരകിലോമീറ്റർ ദൂരം രണ്ടര പതിറ്റാണ്ടായിട്ടും മൺറോഡായി തന്നെ കിടക്കുകയാണ്. ഇതുകാരണം രോഗികളെ ഇവിടെനിന്ന് പുറത്തെത്തിക്കാൻ മണിക്കൂറുകളുടെ പ്രയത്നം വേണം. പ്രദേശത്തെ ഡയാലാസിസ് രോഗികളടക്കം യാത്രായോഗ്യമായ വഴിയില്ലാത്തതിനാൽ പുറംലോകത്തെത്താൻ കഷ്ടപെടുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശ്‌ത്തെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപെടുന്നതും പതിവാണ്. പ്രദേശത്തെ യാത്രദുരിതത്തിന് പരിഹാരംകാണുന്നതിന്നായി രാഹുൽ ഗാന്ധി എം.പിക്കും, എം.എൽ.എ ഐ.സി ബാലകൃഷ്ണനും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമായില്ലങ്കിൽ പ്രതിഷേധപരിപാടികൾക്കും രൂപം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.