കണിയാരം (വയനാട്): കഷ്ടപ്പാട് നിറഞ്ഞ ജീവിതം ഒന്ന് പച്ചപിടിച്ചു വന്നതായിരുന്നു. അതിനിടക്ക് ഒന്നര വർഷം മുമ്പ് ടാക്സി ഡ്രൈവറായ ഭർത്താവ് ഷാജി കരൾ രോഗം വന്ന് മരണപ്പെട്ടു.പിന്നെ പിടുത്തം വിട്ടു. ജീവിതം താളം തെറ്റാൻ തുടങ്ങി.പറക്കമുറ്റാത്ത മൂന്ന് പെൺമക്കൾ. ഒമ്പതിലും ആറിലും മൂന്നിലും പഠിക്കുന്നവർ. പിന്നെ രോഗികൂടിയായ ഭർത്താവിന്റെ പ്രായം ചെന്ന അച്ഛൻ. പക്ഷെ കണിയാരം കണ്ടിക്കുന്നിലെ കൊളവയൽ ജിൻസി ഷാജി എന്ന മുപ്പത്തിയേഴുകാരി തളർന്നില്ല.താൻ തളർന്നാൽ കുടുംബം മുഴുവൻ തളരും.പൊരുതുക തന്നെ. ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ടു. ഫാമിലെ പന്നികളെ തനിച്ച് വളർത്തുന്നതെങ്ങനെയെന്ന ചോദ്യം ഉറക്കത്തിലും മുഴങ്ങി കേൾക്കുന്നതുപോലെ. മക്കൾക്ക് മാത്രമല്ല,ഫാമിലെ പന്നികൾക്കും ഭക്ഷണം വേണം.അത് ദൂരെ ദിക്കുകളിൽ നിന്നുളള ഹോട്ടലുകളിൽ നിന്നും മറ്റും കൊണ്ട് വരാൻ ഇന്ന് ഭർത്താവില്ല. എങ്കിലും ജിൻസി ഡ്രൈവിംഗ് പഠിച്ചു. സ്വർണം പണയപ്പെടുത്തിയും സ്വാശ്രയ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തും ഒരു വാഹനം സ്വന്തമാക്കി.പന്നികൾക്ക് ഭക്ഷണം കൊണ്ടുവരാൻ വേണ്ടിയായിരുന്നു ഇത്. അങ്ങനെ മക്കൾക്കൊപ്പം പന്നികളെയും ജിൻസി പരിപാലിച്ചു. ജിൻസിയുടെ ഫാമിൽ നാൽപ്പത്തിമൂന്നോളം പന്നികളുണ്ടായിരുന്നു. വരുമാനത്തിൽ നിന്ന് ചെറിയ തോതിൽ കടം വീട്ടാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ഇടിവെട്ട്പോലെ ആഫ്രിക്കൻ പന്നിപ്പനി ജിൻസിയുടെ ഫാമിലേക്കും കടന്നുവന്നത്. മക്കളെപ്പോലെ തീറ്റിപ്പോറ്റിയ പന്നികൾ ഒാരോന്നായി ചത്തൊടുങ്ങി. ജിൻസി തളർന്നുപോയി.
കഴിഞ്ഞ ജൂൺ അഞ്ചിനാണ് ഫാമിലെ ഒരു പന്നിക്ക് പനി പിടിച്ചത്. എട്ടാം തീയതി അത് ചത്തു. പതിനേഴാം തീയതി മറ്റൊന്നും. ഇൗ പന്നിയുടെ ജഡം ജിൻസി പരിശോധനയ്ക്കയച്ചു. റിസർട്ട് വരുന്നതിനിടയ്ക്ക് ഫാമിലെ പന്നികൾ ഒാരോന്നായി ചത്തൊടുങ്ങാൻ തുടങ്ങി. ജൂലൈ മൂന്നോടെ ഫാമിലെ മുഴുവൻ പന്നികളും ചത്തു. ഇതോടെ മിനിയുടെ നിയന്ത്രണം വിട്ടു. പത്തുലക്ഷം രൂപയോളം വായ്പയെടുത്താണ് പന്നികളെ വാങ്ങിയത്. പരിശോധനയ്ക്കയച്ച പന്നിയുടെ ഫലം വന്നപ്പോൾ തകർന്നുപോയി. പന്നികൾക്ക് ആഫ്രിക്കൻ പനി.തൊട്ടടുത്ത തവിഞ്ഞാൽ പഞ്ചായത്തിലെ കരിമാനിയിലെ വിൻസെന്റിന്റെ ഫാമിലും ഇതേ അവസ്ഥ. മുന്നൂറ്റി അറുപതോളം പന്നികളെയാണ് അവിടെ ദയാവധത്തിന് ഇന്നലെ മുതൽ കൊല്ലാൻ തുടങ്ങിയത്.
പന്നികളില്ലാത്ത ഒഴിഞ്ഞ ഫാമിലെ ദയനീയാവസ്ഥയിൽ ജിനി ചോദിക്കുന്നു.
'' ഇനി പറയൂ,എന്റെ വേദന ആര് കേൾക്കും?''