myla
കടുവ ഭക്ഷിച്ച മാനിന്റെ ജഡാവശിഷ്ടം

നിരീക്ഷണത്തിന് കാമറകൾ സ്ഥാപിച്ചു

മീനങ്ങാടി: മൈലമ്പാടിയിൽ കടുവയിറങ്ങി. ഇന്നലെ രാത്രിയിലാണ് ജനവാസ മേഖലയിൽ കടുവ ഇറങ്ങിയത്. മാനിന്റെ പകുതി ഭക്ഷിച്ച ജഡാവശിഷ്ടം കണ്ടെത്തി. മൈലമ്പാടി പുല്ലുമല ചോളാസ് ഫാക്ടറിക്ക് സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. സമീപത്തു നിന്നും കടുവയുടെ കാൽപ്പാടും കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തു നിന്നും വളർത്തുമൃഗങ്ങളെ കാണാതാകുന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് കടുവ ഇറങ്ങിയത്. ഇതേത്തുടർന്ന് കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറ സ്ഥാപിച്ചു. പുല്ലു മലയിലെ സ്വകാര്യ തോട്ടത്തിലാണ് കാമറകൾ സ്ഥാപിച്ചത്. ബീനാച്ചി എസ്റ്റേറ്റിൽ നിന്നുമാണ് ഈ ഭാഗത്തേക്ക് കടുവയിറങ്ങുന്നത്.

മൂന്നു കിലോമീറ്റർ മാത്രം അകലെ മാപ്പിളശ്ശേരിക്ക് സമീപമാണ് കഴിഞ്ഞ ദിവസം ബാലി എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കടുവ അകപ്പെട്ടത്. കഴിഞ്ഞവർഷം ഓഗസ്റ്റ് മൂന്നിന് ഈ പ്രദേശത്തു നിന്നും മറ്റൊരു കടുവയെ കെണിവെച്ച് പിടികൂടിയിരുന്നു. കടുവകൾ ഇറങ്ങുന്നത് തുടരുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കടുവയിറങ്ങിയ പ്രദേശങ്ങളിൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, ഇരുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.കെ ശിവരാമൻ എന്നിവർ സന്ദർശിച്ചു. കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കെണി സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.