മാനന്തവാടി:ചില സഹകരണ സംഘങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയിൽ ആകമാനം അഴിമതി ആണെന്ന കുപ്രചാരണം അഴിച്ചു വിട്ടു സംഘടിതമായി സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം തള്ളികളയണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മാനന്തവാടി ഏരിയ കമ്മിറ്റി അവശ്യപ്പെട്ടു.സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കായി ഇത്രയധികം സേവനം ചെയ്യുന്ന മറ്റൊരു മേഖല ഇല്ലാ എന്നിരിക്കെ കോടികളുടെ അഴിമതി പൊതുമേഖല ബാങ്കുകളിൽ നടന്നപ്പോഴും പ്രതികരിക്കാതിരുന്ന മാദ്ധ്യമങ്ങൾ കേരളത്തിലെ സഹകരണ സംഘങ്ങളെ തകർക്കാൻ ഇറങ്ങിയവരുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സി.ജി സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.പി സുരേഷ്,ഏരിയ സെക്രട്ടറി കെ.ജെ ജോബിഷ്, പി.ജി ശ്രീജിത്ത്, രശ്മി ചന്ദ്രൻ, സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.