thaikattushery
തൈക്കാട്ടുശേരിയിൽ കടവ് പാർക്ക് ടൂറിസം പദ്ധതി പ്രദേശം കാടുകയറിയ നിലയിൽ

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കടവ് പാർക്ക് ടൂറിസം പദ്ധതി വഴിയിൽ ഉപേക്ഷിച്ചതിനെതിരെ പ്രതിഷേധമുയരുന്നു. തുറവൂർ - പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലം യാഥാർത്ഥ്യമായതോടെയാണ് ,ഫെറി സർവ്വീസ് നടത്തിയിരുന്ന ജെട്ടിയും അതിനോട് ചേർന്നുള്ള 61 സെന്റ് സ്ഥലവും പദ്ധതിക്കായി പഞ്ചായത്ത് ടൂറിസം വകുപ്പിന് വിട്ടുകൊടുത്തത്. കുട്ടികളുടെ പാർക്ക്, വിശ്രമിക്കാൻ ഇരിപ്പിടം, സ്റ്റേജ്, ഭക്ഷണശാല, കായലോര നടപ്പാത, ശൗചാലയം, കായൽ സവാരിക്ക് പെഡൽ ബോട്ട് തുടങ്ങിയവ ആരംഭിക്കാനാണ് പദ്ധതിയിട്ടത്. ആദ്യഘട്ടമായി 50 ലക്ഷം രൂപ വകയിരുത്തി.

കരാർ ഉറപ്പിച്ച സ്വകാര്യ കമ്പനിക്ക് വർഷങ്ങൾക്ക് മുമ്പ് 25ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാൽ തുടങ്ങിവച്ച നിർമ്മാണ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചു. ഭാഗികമായി നിർമ്മിച്ച ഓപ്പൺ സ്റ്റേജും വിശ്രമ കൂടാരവും ഉൾപ്പെടെയുള്ളവ നശിച്ചു തുടങ്ങി. പ്രദേശമാകെ കാടുകയറിയ നിലയിലാണിപ്പോൾ. ഇവിടെ പ്രവർത്തിച്ചിരുന്ന തുടർ വിദ്യാ കേന്ദ്രവും അടച്ചുപൂട്ടി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ജിക് പാക് എന്ന സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. എന്നാൽ ഇതിനുശേഷം ആരംഭിച്ച, തൈക്കാട്ടുശ്ശേരി പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും രണ്ടര കോടി രൂപ മുടക്കിയുള്ള സായാഹ്ന വിശ്രമകേന്ദ്രം സമയ ബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു. ആദ്യം ആരംഭിച്ച തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കടവ് പാർക്ക് ടൂറിസം പദ്ധതി പൂർത്തിയാക്കിയതുമില്ല. എത്രയും വേഗം പദ്ധതി പൂർത്തിയാക്കണമെന്ന് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് അധികൃതർ ടൂറിസം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു..

സർക്യൂട്ട് ബോട്ട് സർവീസ്

പദ്ധതി പൂർത്തിയാക്കിയാൽ തൈക്കാട്ടുശേരി കടവിൽ നിന്ന് വേമ്പനാട്ട് കായൽ സർക്യൂട്ട് ബോട്ടു സർവീസിന് സാദ്ധ്യത തെളിയും.ഇതോടെ തൈക്കാട്ടുശ്ശേരി കടവ് പാർക്ക് വീണ്ടും സജീവമാകും. ഉൾനാടൻ തോടുകളിലൂടെയും ചാലുകൾക്കും പാടങ്ങൾക്കും നടുവിലൂടെയുമുള്ള കായൽയാത്ര വിനോദ സഞ്ചാരികളെ ആകർഷിക്കും.