 
ആലപ്പുഴ : അങ്കണവാടിയിൽ ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പോഷക ബാല്യംപദ്ധതിയിൽ ജില്ലയിൽ ഉപഭോക്താകളാകുന്നത് 2150 അങ്കണവാടികളിലായി 22,100കുട്ടികൾ. ഒരുകുട്ടിക്ക് 125മില്ലി ലിറ്റർ പാൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മുട്ട ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് നൽകുന്നത്. ഈ ദിവസങ്ങളിൽ അവധിയായാൽ തൊട്ടടുത്ത ദിവസം കുട്ടികൾക്ക് ഇവ നൽകണമെന്നാണ് അങ്കണവാടി ജീവനക്കാർക്കുള്ള നിർദ്ദേശം . അങ്കണവാടികളുടെ സമീപം ക്ഷീരസംഘം ഇല്ലെങ്കിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ച് പാലും മുട്ടയും വാങ്ങാനാണ് തീരുമാനം .15എ.സി.ഡി.എസ് പ്രൊജക്ടുകളുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്.
ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ ജില്ലയിലെ അങ്കണവാടികളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. 8076 കുട്ടികളാണ് ഈ വർഷം പുതിയതായി എത്തിയത്. കഴിഞ്ഞ വർഷം 6736 കുട്ടികൾ വന്നിടത്താണിത്.
കുട്ടികളുടെ എണ്ണം കൂടി
അങ്കണവാടികളുടെ പ്രവർത്തനം സജീവമായത് പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കാനും വഴിയൊരുക്കുന്നുണ്ട്. ജലം, വൈദ്യുതി ലഭ്യത, ശൗചാലയ സൗകര്യങ്ങൾ,സുരക്ഷ എന്നിവ ഉറപ്പാക്കും വിധത്തിലാണ് കെട്ടിടങ്ങളുടെ ആധുനികവത്കരണം നടത്തിയത്. സ്വന്തമായി സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ പരിമിതികൾ പരിഹരിക്കുന്നതോടൊപ്പം പുതുതായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിച്ച് ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഭിന്നശേഷി സൗഹൃദമാക്കുന്ന തരത്തിൽ ഓരോ കേന്ദ്രവും ആധുനിക സംവിധാനത്തോടെ നിർമ്മിക്കുന്നതിന് കുറഞ്ഞത് എട്ടുലക്ഷം രൂപ വീതമാണ് ചെലവഴിക്കുന്നത്. 300ൽ അധികം അങ്കണവാടികൾ ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളായി.
ജില്ലയിൽ അങ്കണവാടികൾ
2150
കുട്ടികൾ
ആകെ........................................22,100
ഈവർഷം വന്നത്....................8076
പാൽ (125മില്ലി ലിറ്റർ) : തിങ്കൾ, വ്യാഴം
മുട്ട : ചൊവ്വ, വെള്ളി
പദ്ധതി അനുസരിച്ച് വാങ്ങുന്ന മുട്ടയുടെയും പാലിന്റെയും വില ഇടനിലക്കാർ ഇല്ലാതെ കരാറുകാരുടെ അക്കൗണ്ടിൽ നേരിട്ട് നൽകും. അങ്കണവാടികളിൽ പ്രതിദിനം എത്തുന്ന കുട്ടികളുടെ ഹാജർ അനുസരിച്ചാണ് പാലും മുട്ടയും വാങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
- എൽ.ഷീബ, ജില്ലാ ഓഫീസർ, വനിതശിശു വികസന പദ്ധതി