ph
കായംകുളം നഗരസഭ

കായംകുളം :വികസനത്തിൽ കിതച്ചു മുന്നേറുന്ന കായംകുളം നഗരത്തിന് ഇത് ശതാബ്ദി വർഷം. ചുറ്റുമുള്ള പട്ടണങ്ങൾ മിന്നൽ വേഗതയിൽ മുന്നേറുമ്പോൾ പ്രൗഢിയുടെ പഴയ ഓർമ്മകൾ അയവിറക്കാനാണ് കായംകുളത്തുകാരുടെ വിധി.

തിരുവിതാംകൂറിൽ ആദ്യകാലത്ത് രൂപീകരിക്കപ്പെട്ട പതിനെട്ട് നഗരസഭകളിൽ ഒന്നാണ് കായംകുളം. 1801ലെ രാജകീയ സെൻസസിന്റെ അടിസ്ഥാനത്തിലാണ് മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന കായംകുളത്തെ പട്ടണമാക്കി ഉയർത്തിയത്.1920ൽ ടൗൺ ഇംപ്രൂവ്മെന്റ്കമ്മിറ്റിയും 1922ൽ കായംകുളം നഗരസഭയും രൂപീകൃതമായി.

1766ൽ തിരുവിതാംകൂറിന്റെ ഭാഗമാകുന്നതിന് മുമ്പ് കായംകുളം രാജാക്കൻമാരുടെ തലസ്ഥാന നഗരിയായിരുന്നു ഇത്. മദ്ധ്യ കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ പ്രശസ്തമായ തുറമുഖം ഇവിടെ ഉണ്ടായിരുന്നു. ഓടനാട് എന്നായിരുന്നു കായംകുളം രാജ്യത്തിന്റെ പഴയ പേര്. പതിനേഴാം നൂറ്റാണ്ടിലെ പകുതിയോടെ തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയതു മുതൽ ഓടനാട് തിരുവിതാംകൂറിന്റെ ഭാഗമായി. പതിനാറാം നൂറ്റാണ്ടിൽ പറങ്കികളുടെ ആക്രമണത്തിനുശേഷം കായംകുളം മികച്ച ഒരു വ്യാപാരകേന്ദ്രമായി മാറി . തുടർന്ന് പോർട്ടുഗീസുകാരും ഡച്ചുകാരും ഇവിടെ പണ്ടകശാലകൾ സ്ഥാപിച്ച് വ്യാപാരം വിപുലപ്പെടുത്തി.

വ്യാപാര മേഖലയായി ഉയർന്ന കായംകുളത്ത് ആറന്റ്, വാട്ടർ ഹൗസ് മസ്ട്രിക്ക് തുടങ്ങിയ കപ്പലുകൾ വന്നിരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യം പോലും ഇല്ലാത്ത പട്ടണമായി കായംകുളം അധഃപതിച്ചു.ഉള്ള റോഡുകൾ തട്ടുകടക്കാർ കൈയടക്കുക കൂടി ചെയ്തതോടെ കായംകുളത്തിന്റെ തകർച്ച പൂർത്തിയായി.

പറയാനൊത്തിരി

പരമ്പരാഗത കാർഷികമേഖലയുടെ തകർച്ചയാണ് കായംകുളത്തിന്റെ വ്യാപാര സാദ്ധ്യതകൾക്ക് മങ്ങലേൽപ്പിച്ചതിൽ പ്രഥാന ഘടകം.

ഇന്ന് 44 വാർഡുകളും ഒരു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള പട്ടണമാണ് കായംകുളം. 1922ൽ നഗരസഭ രൂപീകൃതമാകുമ്പോൾ ആറ് വാർഡുകളും പന്ത്രണ്ട് പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്. അന്ന് വിസ്തൃതി മൂന്ന് ചതരുരശ്ര മൈൽ മാത്രം. തിരുവിതാംകൂറിലെ ആദ്യ അഞ്ച് ഇംഗ്ളീഷ് മീഡിയം സകൂളുകളിൽ ഒന്ന് കായംകുളത്താണ് സ്ഥാപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുദേവൻ താമസിച്ച വാരണപ്പള്ളി തറവാടും അദ്ദേഹത്തിന് വിദ്യ പകന്ന് നൽകിയ കമ്മംമ്പള്ളി രാമൻപിള്ള ആശാനും ചേവണ്ണൂ കളരിയും കായംകുളത്തെ മഹത്വ പൂർണ്ണമാക്കി.

കേരളത്തിന്റെ രാഷ്ടീയ,സാമൂഹ്യ രംഗത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി കെ.പി.എ.സി നിലയുറപ്പിച്ചതും കായംകുളത്താണ്.

സ്വാഗതസംഘം രൂപീകരണം

കായംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം 4ന് രാവിലെ 10ന് ജി.ഡി.എം ഓഡിറ്റോറിയത്തിൽ നടക്കും.