ആലപ്പുഴ : കൊട്ടിഘോഷിച്ച് സ്ഥാപിച്ചിട്ടും ആലപ്പുഴയുടെ കായികരംഗത്തിന് ഒരു പ്രയോജനവും ചെയ്യാതെ നിലകൊള്ളുന്ന ഇ.എം.എസ് സ്റ്റേഡിയത്തിലെ കടമുറികൾ പോലും ആർക്കും വേണ്ട. പല തവണ ലേലം വിളിച്ചിട്ടും എടുക്കാൻ ആളില്ലാതെ 92 കടമുറികളാണ് സ്റ്റേഡിയത്തിൽ ഒഴിഞ്ഞു കിടക്കുന്നത്.
ആകെയുള്ള 122 മുറികളിൽ 30 എണ്ണം മാത്രമാണ് നിലവിൽ വാടകയ്ക്ക് നൽകിയിട്ടുള്ളത്. കച്ചവട സാദ്ധ്യത കുറവെന്ന കാരണത്താലാണ് വ്യാപാരികൾ സ്റ്റേഡിയത്തിലെ മുറികളോട് താത്പര്യം പ്രകടിപ്പിക്കാത്തത്. ഇതിനകം നിരവധിപ്പേരാണ് കച്ചവടം നഷ്ടമായതോടെ മുറികൾ ഉപേക്ഷിച്ച് പോയത്. ഇതോടെ പല മുറികളും കുത്തിത്തുറന്ന് സാമൂഹ്യ വിരുദ്ധർ മ്പടിക്കാൻ തുടങ്ങിയത് നിലവിലുള്ള കടക്കാർക്കും ഭീഷണിയാണ്. ഇരുമ്പ് ഷട്ടറുകൾ ദ്രവിച്ചും നടപ്പാതയിലെ ടൈലുകൾ ഇളകിയും കെട്ടിടത്തിന്റെ മോടിനശിച്ചു. 2005 - 10 കാലയളവിൽ 14 കോടി രൂപ മുതൽമുടക്കിയാണ് സ്റ്റേഡിയത്തിലെ ഇരുനിലകളിലായി മുറികൾ പണിതത്.
വെൻഡിംഗ് മാർക്കറ്റിന് ഒരുകോടി
റോഡ് കൈയേറി കച്ചവടം നടത്തിയതിന്റെ പേരിൽ നഗരത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാർക്ക് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു കോടി രൂപ ചിലവിൽ വെൻഡിംഗ് മാർക്കറ്റൊരുങ്ങും. ഇതിനുള്ള വിശദമായ പദ്ധതി രേഖ സമർപ്പിച്ചു. ഈ മാസം പകുതിയോടെ പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. ആദ്യഘട്ട സർവേയിൽ കണ്ടെത്തിയ 120 കച്ചവടക്കാർക്ക് നഗരസഭ തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ കണ്ടെത്തിയതുൾപ്പടെ 400 ഓളം വഴിയോര കച്ചവടക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ 110 പേർക്ക് വെൻഡിംഗ് മാർക്കറ്റിൽ കച്ചവടം നടത്താൻ സൗകര്യമൊരുക്കും. മറ്റുള്ളവർക്ക് തിരക്ക് അധികമില്ലാത്തതും, വാഹനഗതാഗതത്തെയും കാൽനടയാത്രയെയും കാര്യമായി ബാധിക്കാത്തതുമായ പ്രദേശങ്ങളിലെ റോഡുകൾ വെൻഡിംഗ് സോണുകളായി കച്ചവടത്തിന് അനുമതി നൽകും. വൈറ്റ് ടോപ്പിംഗ് റോഡുകളിലും പുതിയ റോഡുകളിലും കച്ചവടം അനുവദിക്കില്ല. മത്സ്യത്തട്ടുകൾ മാർക്കറ്റിലല്ലാതെ മറ്റിടങ്ങളിൽ സ്ഥാപിക്കുന്നത് നിയന്ത്രിക്കും.
പല തവണ ലേലം വിളിച്ചിട്ടും കടമുറി വാടകയ്ക്കെടുക്കാൻ ആളുകൾ എത്തുന്നില്ല. വഴിയോര കച്ചവടക്കാരെ പ്രധാന പാതകളിൽ നിന്ന് മാറ്റുന്നത് യാത്രാ സൗകര്യമൊരുക്കുന്നതിനാണ്. ഇവരുടെ ഉപജീവനമാർഗം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ വെൻഡിംഗ് സോണുകൾ അനുവദിച്ചിട്ടുണ്ട്. അവിടെ കച്ചവടം തുടരാം
- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ