s
ഡി.വൈ.എഫ്.ഐ

ആലപ്പുഴ: സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന് മുന്നോടിയായുള്ള പ്രചരണ ജാഥ ബുധൻ,വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ക്യാപ്ടനും, കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജറോം മാനേജരും കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.ഷാജർ, ഗ്രീഷ്മ അജയഘോഷ്, ആർ.ശ്യാമ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.സച്ചിൻദേവ് എം.എൽ.എ എന്നിവർ അംഗങ്ങളുമായ തെക്കൻ മേഖലാ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് ഏഴിന് ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷനിൽ ജാഥയെ സജി ചെറിയാൻ എം.എൽ.എയുടെയും ഡി.വൈ.എഫ്.ഐ ജില്ലാഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. നാളെ രാവിലെ 9.30ന് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന സ്വീകരണ സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാവേലിക്കര മിച്ചൽ ജംഗ്ഷൻ, കായംകുളം പാർക്ക് മൈതാനം, ഹരിപ്പാട് നാരകത്തറ, വളഞ്ഞവഴി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. സമാപന സമ്മേളനം വളഞ്ഞവഴിയിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 9.30ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ജാഥ അംഗങ്ങളും ജില്ലാഭാരവാഹികളും പുഷ്പാർച്ചന നടത്തും. 10ന് ടൗൺ ഹാളിന് സമീപം സ്വീകരണ സമ്മേളനം. തുടർന്ന് പാതിരാപ്പള്ളിയിലും മായിത്തറയിലും പട്ടണക്കാട് പൊന്നാംവെളിയിലും മാക്കേക്കടവിലും സ്വീകരണം നടക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിലും ജാഥ അംഗങ്ങൾ പുഷ്പാർച്ചന നടത്തും. മാക്കേക്കടവിൽ നടക്കുന്ന സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജയ്ക്.സി.തോമസ് ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 15ന് അരലക്ഷം യുവാക്കളാണ് ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുക്കുക. വൈകിട്ട് മൂന്നിന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന യുവജനറാലി നഗരചത്വരത്തിൽ സമാപിക്കും. തുടർന്നുള്ള പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ, ജില്ലാ ട്രഷറർ രമ്യ രമണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എസ്.അരുൺകുമാർ എം.എൽ.എ, സി.ശ്യാംകുമാർ, എസ്.സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.