തുണയായത് പുലിമുട്ടും ടെട്രാപോഡുകളും
ഹരിപ്പാട് : മഴ കടുക്കുമ്പോഴും കടൽ ആഞ്ഞടിക്കുമ്പോഴും,ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ എ.കെ.ജി നഗർ വരെയുള്ള തീരദേശവാസികളുടെ മനസിൽ പഴയ പോലെ ആശങ്ക ഉയരുന്നില്ല. കാലങ്ങളായി തങ്ങൾ അനുവഭവിച്ചു വന്ന ദുരിതത്തിന് വലിയൊരറുതി വന്നതിന്റെ ആശ്വാസത്തിലാണ് ഇവർ.
പുലിമുട്ട് നിർമ്മാണവും നിരത്തിയിട്ട ടെട്രോപോഡുകളുമാണ് പ്രദേശത്തിന് സംരക്ഷണമാകുന്നത്. കടലിനോട് ഏറ്റവും അടുത്തുള്ള ഈ അര കിലോമീറ്ററോളം ഭാഗത്ത് മുൻവർഷങ്ങളിൽ കടലാക്രമണം ഉണ്ടായപ്പോൾ റോഡിലും സമീപത്തെ വീടുകളുടെ ചുമരിലുമായിരുന്നു തിരമാലകൾ പതിച്ചിരുന്നത്. ചെറുതായൊന്ന് കടലിളകിയാൽ റോഡ് തകരുകയും കടൽ ഭിത്തിയിലെ വലുതും ചെറുതുമായ കരിങ്കല്ലുകൾ നിരന്ന് ഗതാഗതം താറുമാറാകുകയും പ്രദേശം ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് പൂർണമായും ഭാഗികമായും ഇവിടെ തകർന്നത്.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് 22.29 കോടി രൂപ ചെലവിൽ 1.4 കിലോ മീറ്റർ നീളത്തിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള 21 പുലി മുട്ടുകൾ നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആറാട്ടുപുഴയിൽ ശക്തമായ കടലാക്രമണം ഉണ്ടായെങ്കിലും നിർമാണം പൂർത്തിയായ പുലിമുട്ടുകളും പുലിമുട്ട് നിർമിക്കുന്നതിനായി കടലിന് സമാന്തരമായി അടുക്കി വച്ചിട്ടുള്ള ആയിരക്കണക്കിന് ടെട്രാപോഡുകളും പ്രതിരോധം തീർത്തത് മൂലം കാര്യമായ ദുരിതം തീരവാസികൾക്കുണ്ടായില്ല. പുലിമുട്ട്നിർമാണം പൂർത്തിയാകുന്നതോടെ കടലാക്രമണ ഭീഷണിയിൽ നിന്ന് മോചനമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
ഇത്തവണ കടൽകയറ്റം രൂക്ഷമാണെങ്കിലും ബസ് സ്റ്റാൻഡിനു തെക്ക് ഭാഗത്തെ റോഡിലേക്ക് കടൽ കയറിയില്ല. ഇത് വർഷങ്ങളായി ദുരിതം അനുഭവിച്ചു വന്നവർക്ക് വലിയ ആശ്വാസമാണ്
- ബഷീർ, സമീപവാസി
പുലിമുട്ടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതും റോഡരികിൽ നിരത്തിയ ടെട്രോപോഡുകളുമാണ് ഇത്തവണത്തെ കടൽ കയറ്റത്തിൽ നിന്ന് പ്രദേശത്തെ രക്ഷിച്ചത്. ഈ സംരക്ഷണം എന്നും ഉണ്ടാകുമെന്ന് കരുതുന്നു
- ഗോപാലകൃഷ്ണൻ, സമീപവാസി