g
നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ കോടതിപ്പാലം മുതൽ ഇന്ദിരാ ജംഗ്ഷൻ വരെയുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു

ആലപ്പുഴ : നഗരത്തിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ കർശനമാക്കി. വെന്റിംഗ് സോണുകളിൽ നഗരസഭയുടെ അംഗീകാരമുള്ള വഴിയോര കച്ചവടക്കാരെ മാത്രം തുടരാൻ അനുവദിക്കും.

ജില്ലാക്കോടതിപ്പാലം മുതൽ ഇന്ദിരാ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശത്തും അനധികൃതമായി വ്യാപാരം ചെയ്യുന്നതിനു വെച്ചിരുന്ന നാലു ചക്ര ഉന്തുവണ്ടികളും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ഫുട്പാത്തിലേക്ക് ഇറക്കിവച്ച് വ്യാപാരം ചെയ്യുന്ന തട്ടുകൾ, ബോർഡുകൾ എന്നിവയും ആലപ്പുഴ നോർത്ത് പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു.

സ്വയം പോകാൻ തയ്യാറായ കച്ചവടക്കാരുടെ സാധനങ്ങൾ ഒന്നും പിടിച്ചെടുത്തില്ല. പാർക്കിംഗ് സ്ഥലം അടച്ചു കെട്ടി വാടകയ്ക്ക് നൽകുന്നവർക്കെതിരെയും നരസഭ നടപടിയെടുക്കും. ആരോഗ്യസ്ഥിരം സമിതിയുടെ ശുപാർശ പ്രകാരം കൈയ്യേറ്റമൊഴിപ്പിക്കാൻ സ്ഥിരം ടീമിനെ നിയമിച്ചിട്ടുണ്ടെന്നും, തുടർ നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. നഗരസഭ സർക്കിൾ ഹെൽത്ത് സ്‌ക്വാഡ് ലീഡർ ആർ.അനിൽകുമാർ, സ്‌ക്വാഡ് അംഗങ്ങളായ ടി.എം ഷംസുദ്ദീൻ, ജെ.അനിക്കുട്ടൻ, സി.ജയകുമാർ, വി.ശിവകുമാർ, ആർ.റിനോഷ്, ഷബീന അഷ്‌റഫ്, ബി.ഷാലിമ ,നോർത്ത് പൊലീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.