ഹരിപ്പാട് : സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം നടപ്പാക്കുവാൻ അനുമതി ലഭിച്ചിട്ടുളള കാർത്തികപ്പളളി ജംഗ്ഷൻ സൗന്ദര്യവത്ക്കരണ പദ്ധതിക്കായി തയ്യാറാക്കുന്ന ഡി.പി.ആർ അവസാനഘട്ടത്തിലാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ മുന്നോടിയായി കാർത്തികപ്പളളി പഞ്ചായത്ത് ഓഫീസിൽ പ്രത്യേക യോഗം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുളള എസ്റ്റിമേറ്റ് റിപ്പോർട്ട് റോഡ്സ് അസി.എൻജിനീയർ യോഗത്തിൽ അവതരിപ്പിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ കാത്തിരിപ്പുകേന്ദ്രം ജംഗ്ഷനിൽ നിന്ന് 4 ദിക്കിലോട്ടും 250 മീറ്റർ നീളത്തിൽ റോഡ് ഉയർത്തി ടാറിംഗ്, ജലനിർഗമന മാർഗത്തിനുളള ഓട സൗകര്യം, റോഡ് സുരക്ഷാ ഭാഗമായിട്ടുളള അടയാളപ്പെടുത്തലുകൾ, പുതിയ തെരുവുവിളക്കുകൾ, സൈൻ ബോർഡുകൾ, എന്നിവയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട നിർദ്ദേശങ്ങൾ, യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ അഡ്വ.ടി.എസ് താഹ, ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ് കാർത്തികപ്പളളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായി, ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് സജിനി,വൈസ് പ്രസിഡന്റ്മാരായ അമ്പിളി,ബിനു തുടങ്ങിയവർ പങ്കെടുത്തു.