
വള്ളികുന്നം: ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് കട്ടച്ചിറ ശാഖ സെക്യൂരിറ്റി ജീവനക്കാരൻ കോച്ചിരേത്ത് പടീറ്റതിൽ ഉത്തമനെ (66) അക്രമിച്ച പ്രതി പിടിയിൽ. കട്ടച്ചിറ കാട്ടിരേത്ത് പുത്തൻവീട്ടിൽ പോത്ത് നസിം എന്ന നിസ്സാമിനെയാണ് (20) വള്ളികുന്നം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി സഹകരണ ബാങ്കിൽ ജോലിനോക്കുന്നതിനിടെ ഉത്തമനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തലക്കും മുഖത്തും വടികൊണ്ടും ചെടിച്ചട്ടി കൊണ്ടും അടിച്ചു.പല്ലുകൾ പൂർണ്ണമായും തകർന്നു. ഹരിപ്പാട്ട് ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് നസീം. വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ഇഗ്നേഷ്യസിന്റെ നേതൃത്തിൽ എസ്.ഐ ജി.ഗോപകുമാർ, എ.എസ്.ഐ ബഷീർ, എസ്.സി.പി.ഒ ജയരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, ജിഷ്ണു, കണ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.