s

ആലപ്പുഴ : ജില്ലയിൽ 22 കൃഷി ഓഫീസർമാരുടെ കസേര ഒഴിഞ്ഞിട്ട് നാളുകളായിട്ടും നിയമനം നടത്താൻ നടപടികളില്ല. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലാണ് ഒഴിവുകൾ. രണ്ടാം കൃഷിക്ക് മഴ ദുരിതം വിതയ്ക്കുന്ന കുട്ടനാട് താലൂക്കിലെ 11കൃഷിഭവനുകളിൽ 10 ഓഫീസർമാർ ഇല്ലാതായിട്ട് മാസങ്ങളായി.

എംപ്ളോയ്മെന്റ് വഴി പകരക്കാരെ നിയമിക്കുന്നതിൽ കൃഷി വകുപ്പും ജില്ലാഭരണകൂടവും വീഴ്ചവരുത്തുന്നതായാണ് ആക്ഷേപം. വിരമിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയുമാണ് 14 ഒഴിവുകൾ. എട്ടുപേർ നിയമനം ലഭിച്ചിട്ട് ചുമതല ഏറ്റെടുത്തില്ല. തുടർച്ചയായി പെയ്യുന്ന മഴയിൽ കൃഷിനാശം നേരിട്ട കർഷകർ നഷ്ടപരിഹാരത്തിനായി കൃഷി ഓഫീസുകളിൽ എത്തുമ്പോൾ ഒഴിഞ്ഞ കസേരകളാണ് സ്വാഗതം ചെയ്യുന്നത്. .

ഓഫീസർ ഇല്ലാത്ത കൃഷി ഓഫീസുകൾ
തകഴി, ചമ്പക്കുളം, കൈനകരി, കാവാലം, വെളിയനാട്, തലവടി, മുട്ടാർ, കൈനകരി, നെടുമുടി, ബുധനൂർ, വീയപുരം, ചെന്നിത്തല, ആല, പത്തിയൂർ, ചേപ്പാട്, അമ്പലപ്പുഴ സൗത്ത് എന്നീ കൃഷിഭവനുകളിലാണ് ഓഫീസർമാരുടെ ഒഴിവ്. ഇതിൽ തലവടി, മുട്ടാർ കൃഷിഭവനുകളിൽ എംപ്‌ളോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്ന് താത്കാലിക നിയമനം നടത്തി. നിലവിൽ പി.എസ്.സി ലിസ്റ്റ് ഇല്ലാത്തതിനാൽ ആറുമാസം മുമ്പ് ജില്ലയിലെ 13കൃഷി ഓഫീസുകളിലേക്ക് എംപ്‌ളോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തിയ നിയമനത്തിന്റെ കാലാവധി ഏപ്രിൽ 20ന് അവസാനിച്ചതോടെ ഇവിടങ്ങളിലും കൃഷി ഓഫീസർമാർ ഇല്ലാതായി. സർക്കാർ അനുമതിയോടെ കാലവധി നീട്ടി കൊടുത്തെങ്കിലും ചിലർ ജോലിയിൽ തുടരാൻ കഴിയില്ലെന്ന വിവരം അറിയിച്ചിരുന്നു. നിലവിലുള്ള ഒഴിവുകളുടെ വിശദവിവരം ആറുമാസം മുമ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്ന് കൃഷി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തിരുന്നതാണ്. കുട്ടനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നവന്നർ ചുമതല ഏറ്റെടുക്കാൻ മടി കാട്ടുന്നതായി ആക്ഷേപമുണ്ട്.

"സംസ്ഥാനത്ത് നിലവിലുള്ള 250 കൃഷി ഓഫീസർമാരുടെ നിയമനം സെപ്തംബറിൽ പൂർത്തീകരിക്കും. നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് എംപ്ളോയിമെന്റ് എക്സചേഞ്ചിൽ നിന്ന് ലഭിച്ച ലിസ്റ്റ് ഡയറക്ടർക്ക് കൈമാറി.

- പി. പ്രസാദ്, കൃഷി മന്ത്രി