 
എപ്പോൾ വേണമെങ്കിലും വീഴാം നഗരത്തിലെ പാഴ്മരങ്ങൾ
ആലപ്പുഴ: നഗര വഴിയോരങ്ങളിലും കനാൽക്കരകളിലുമുള്ള പാഴ്മരങ്ങൾ, മഴ ശക്തമായിട്ടും മുറിച്ചുമാറ്റാൻ നടപടിയില്ലാത്തത് ഭീഷണിയാവുന്നു. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി ശിഖരങ്ങൾ വെട്ടിയൊതുക്കാൻ തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. ഇതോടെ, മഴയിൽ ഭാരംകൂടുന്ന മരങ്ങൾ മറഞ്ഞുവീഴുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം നഗരത്തിൽ രണ്ടിടത്താണ് മരങ്ങൾ റോഡിലേക്ക് ചരിഞ്ഞത്. സ്കൂൾ വിടുന്നതിന് തൊട്ടുമുമ്പായതിനാൽ ദുരന്തം ഒഴിവായി. കെ.എസ്.ഇ.ബി.യുടെയും ഫയർഫോഴ്സിന്റെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഓരോ പ്രദേശത്തും മുറിച്ചു മാറ്റേണ്ടതും ശിഖരങ്ങൾ ഒതുക്കേണ്ടതുമായ മരങ്ങളുടെ കണക്കെടുക്കുന്നത്. നഗരത്തിൽ വാടക്കനാലിന്റെ വശങ്ങളിൽ വഴിച്ചേരി പാലം മുതൽ ജില്ലാക്കോടതിപ്പാലം വരെയുള്ള പാഴ്മരങ്ങൾ റോഡ് യാത്രക്കാർക്കും, കനാലിലെ ശിക്കാര ബോട്ട് യാത്രക്കാർക്കും തലവേദനയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇരുവശങ്ങളിലെയും മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങി. ഓച്ചിറ മുതൽ അരൂർ വരെ അറുപതിനായിരത്തോളം മരങ്ങളാണ് മുറിച്ചു നീക്കേണ്ടത്. മുറിക്കുന്നവർ തന്നെ ഇവയ്ക്കു പകരം തൈകൾ നട്ടുപിടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക വനവത്കരണ വിഭാഗം ദേശീയപാത അതോറിട്ടിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന്റെ ചെലവിനുള്ള തുക അനുവദിക്കാമെന്നാണ് അതോറിട്ടിയുടെ നിലപാട്. പണം ലഭിക്കുന്ന മുറയ്ക്ക് പുതിയ തൈകളുടെ നടീൽ ആരംഭിക്കും. 62 രൂപയുള്ള ഒരു തൈക്ക് യാത്രാ ചെലവ്, അഞ്ച് വർഷത്തെ പരിപാലന ചെലവ് എന്നിവയുൾപ്പടെ 250 രൂപയാണ് ദേശീയപാത അതോറിട്ടി കൈമാറേണ്ടത്.
മുറിക്കുന്നത് 12,000 മരങ്ങൾ
ജില്ലയിൽ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലേതുൾപ്പടെ 60,000 മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. എന്നാൽ നിശ്ചിത ഉയരം മാനദണ്ഡമായി വരുമ്പോൾ 12,000 മരങ്ങൾ മുറിച്ചാൽ മതിയാവും. ഇവയ്ക്ക് പകരമായി 1,20,000 തൈകൾ നട്ടുപിടിപ്പിക്കാനാണ് സാമൂഹിക വനവത്കരണ വിഭാഗം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആലപ്പുഴയിൽ സ്ഥലം തികഞ്ഞില്ലെങ്കിൽ മറ്റ് ജില്ലകളിൽ തൈകൾ നടും. മരങ്ങൾ മുറിക്കുന്നത് മുന്നിൽ കണ്ട് ഒരുലക്ഷത്തോളം കാറ്റാടി തൈകൾ കഴിഞ്ഞ വർഷം കടൽത്തീരത്ത് നട്ടിരുന്നു. ഈ വർഷം 50,000 എണ്ണം കൂടി നടും. സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലുമായി 40,000 മരങ്ങൾ നടും. 20,000 കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.
പാഴ്മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് എല്ലാവർഷവും മഴക്കാല മുന്നൊരുക്ക ചർച്ചകളിൽ ആവശ്യമുന്നയിക്കാറുണ്ട്. ഈ വർഷവും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവൃത്തികൾ മുന്നേറുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല
വേണുക്കുട്ടൻ, ഫയർഫോഴ്സ് ആലപ്പുഴ സ്റ്റേഷൻ ഓഫീസർ
മുറിച്ച് മാറ്റുന്നവയ്ക്ക് പകരം പത്തിരട്ടി തൈകൾ നടണമെന്നാണ് വ്യവസ്ഥ. ദേശീയപാത വികസനം മുന്നിൽ കണ്ട് കടൽത്തീരത്തടക്കം കൈകൾ നട്ടുതുടങ്ങി
സജി, അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, ആലപ്പുഴ