കുട്ടനാട്: പമ്പ, മണിമല, അച്ചൻ കോവിൽ ആറുകൾ നിറഞ്ഞൊഴുകുന്നതിനു പിന്നാലെ കുട്ടനാട്ടിലെ മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന് കാവാലം, കൈനകരി, അപ്പർ കുട്ടനാട്ടിലെ തലവടി, വീയപുരം പഞ്ചായത്തുകളിൽ കെടുതികൾ രൂക്ഷമായി.

മുട്ടാർ പഞ്ചായത്തിൽ മുട്ടാർ സെൻട്രൽ റോഡ്, കൈതത്തോട് മിത്രക്കരി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയത് ദുരി​തമായി​. അഞ്ചാം വാർഡിൽ മുട്ടാർ മണലിൽ ഭാഗം മുതൽ നാലുതോട് വരെ മിക്ക വീടുകളി​ലും വെള്ളം കയറി. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റാനും അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇന്നലെ പഞ്ചായത്തിൽ കുടിയ ദുരന്തനിവാരണ യോഗം തീരുമാനിച്ചു. താലൂക്കിൽ നിന്നു അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് വൈസ് പ്രസിഡന്റ് ബോബൻ ജോസ് പറഞ്ഞു.

രാമങ്കരി പഞ്ചായത്ത് വേഴപ്ര അരികോടിച്ചിറ, കുഴിക്കാല, മുന്നൂറിൻ ചിറ കോളനികളിലെ മിക്ക വീടുകളി​ലും വെള്ളം കയറി​. മാമ്പുഴക്കരി എടത്വ റോഡിൽ പുതുക്കരി ജംഗ്ഷൻ വെള്ളത്തി​ലായി​. തലവടി പഞ്ചായത്ത് ഏഴാം വാർഡ് കുന്നുമാടി കുതിരച്ചാൽ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അഞ്ചു കുടുംബങ്ങളിലെ 13പേരെ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വീയപുരം പഞ്ചായത്തിൽ 3,5,13 വാർഡുകളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. പ്രയാച്ചേരി, ഇളവംതറ റോഡിലും വെള്ളമായി.