ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയുടെ ടിക്കറ്റ് വിൽപ്പനയും സ്പോൺസർമാരെ കണ്ടെത്തലും വീണ്ടും ബോട്ട് റേസ് സൊസൈറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ച ശേഷമുള്ള ആദ്യ നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി (എൻ.ടി.ബി.ആർ) യോഗം 5ന് കളക്ടറേറ്റിൽ ചേരും. ജില്ലാ കളക്ടറായി വി.ആർ.കൃഷ്ണതേജ അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രധാന ഔദ്യോഗിക യോഗം കൂടിയാവും ഇത്. മഴ ശക്തമാകുന്നത് ഇത്തവണയും വള്ളംകളിക്ക് തടസ്സമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും, സെപ്തംബറിൽ കാലാവസ്ഥ അനുകൂലമായിരിക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഇപ്രാവശ്യം ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപ്പനയാണ് സംഘാടകർ ലക്ഷ്യമിട്ടിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുഖ്യാതിഥിയായി എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.