kerala-high-court

ചേർത്തല: ചെമ്പഴന്തി എസ്.എൻ കോളേജി​ലെ മൂന്ന് അദ്ധ്യാപകരെ സ്ഥലംമാറ്റി​യ മാനേജ്മെന്റ് തീരുമാനം റദ്ദാക്കി​യ വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്​റ്റേ ചെയ്തു. അദ്ധ്യാപകരായ മനു രമാകാന്ത്, സി​.ആർ. രമ്യ, സംഗീത ഹരിഹരൻ എന്നിവരെ മാനേജ്‌മെന്റിനു കീഴിലുള്ള മ​റ്റ് കോളേജുകളിലേക്ക് സ്ഥലം മാ​റ്റിയ ഉത്തരവ് കേരള സർവകലാശാല വൈസ് ചാൻസലർ നേരത്തേ റദ്ദാക്കി​യത് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതി​നെതി​രെ മാനേജ്‌മെന്റ് ഫയൽ ചെയ്ത റിട്ട് അപ്പീലുകൾ പരി​ഗണി​ച്ചാണ് ജസ്റ്റി​സുമാരായ അലക്‌സാണ്ടർ തോമസ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

കോളേജ് കൗൺസിലിന്റ വിലക്ക് ലംഘിച്ച്‌ 'വെയിൽപ്പൂക്കൾ' എന്ന പേരി​ൽ, കോളേജിന് അനഭിമതരായവരേയും വിദ്യാർത്ഥികളേയും കൂട്ടി ഓൺലൈൻ പ്രോഗ്രാം നടത്തിയതിന് ഈ അദ്ധ്യാപകർക്കെതിരെ ശിക്ഷണ നടപടികൾ ആരംഭിച്ചിരുന്നു. യൂണിവേഴ്‌സി​റ്റി സ്​റ്റാറ്റ്യൂട്ടിനും യു.ജി.സി റെഗുലേഷനും വിരുദ്ധമായി​ അദ്ധ്യാപകർ പെരുമാറി​, വിദ്യാർത്ഥികളി​ലും അദ്ധ്യാപകരി​ലും വിഭാഗീയതയും സ്പർദ്ധയുമുണ്ടാക്കി​, കോളേജിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിച്ചു എന്നി​വയുടെ അടി​സ്ഥാനത്തി​ലാണ് സ്ഥലംമാ​റ്റം നടത്തിയതെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. നിയമപരമായ നടപടികൾ പാലിക്കാതെയാണ് അദ്ധ്യാപകർ അപ്പീൽ ഫയൽ ചെയ്തതെന്നും മാനേജ്‌മെന്റ് വാദി​ച്ചു. പ്രാരംഭ വാദം കേട്ട ശേഷമാണ് ഡി​വി​ഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് . എസ്.എൻ കോളേജ് മാനേജ്‌മെന്റിനായി അഡ്വ. എ.എൻ. രാജൻബാബു ഹാജരായി.