s

പ്രസിഡന്റിന്റെ രാജി സെക്രട്ടറി നിരസിച്ചു

ആലപ്പുഴ : പ്രസിഡന്റിന്റെ രാജി സെക്രട്ടറി നിരസിച്ചതോടെ മുതുകുളം ഗ്രാമപഞ്ചായത്തിൽ 25 ദിവസം നീണ്ടു നിന്ന ഭരണ പ്രതിസന്ധിക്ക് വിരാമമായി. എന്നാൽ, സെക്രട്ടറി രാജി നിരസിച്ചത് പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമാണെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കാെനാരുങ്ങുകയാണ് മുൻ പ്രസിഡന്റ് ബി.എസ്.സുജിത്ത് ലാൽ.

പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രതിനിധിയുമായ കെ.വി.ജ്യോതിപ്രഭ അംഗത്വം രാജിവച്ചെന്ന് കാട്ടി രജിസ്റ്റേഡായി അയച്ച കത്തും തൊട്ടുപിന്നാലെ രാജി പിൻവലിച്ചതായി കാട്ടി സെക്രട്ടറിക്ക് നേരിട്ടു നൽകിയ കത്തുമാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇരുകത്തുകളും സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. എന്നാൽ പഞ്ചായത്ത് സെക്രട്ടറി തന്നെ തീർപ്പ് കല്പിക്കണമെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ ദിവസം കമ്മീഷൻ കത്തുകൾ മടക്കി അയച്ചു. തുടർന്ന് നിയമോപദേശം തേടിയ സെക്രട്ടറി കത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി രാജി നിരസിച്ച വിവരം രജിസ്റ്റേഡ് കത്തിലൂടെ ജ്യോതിപ്രഭയെ അറിയിച്ചു. ജ്യോതി പ്രഭ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് നിശ്ചിത ഫോറത്തിൽ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി രജിസ്റ്റേഡായി രാജിക്കത്ത് സെക്രട്ടറിക്ക് അയച്ചെങ്കിലും ഈ കത്തിൽ ചില കോളങ്ങൾ പൂരിപ്പിച്ചതിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടിയാണ് രാജി നിരസിച്ചത്.

നിർണായകമായത് 9 മിനിട്ടുകൾ

കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 12.21നാണ് താൻ രജിസ്റ്റേഡായി അയച്ച രാജിക്കത്തിൽ തുടർനടപടി സ്വീകരിക്കരുതെന്ന് കാണിച്ച് ജ്യോതിപ്രഭ സെക്രട്ടറിക്ക് നേരിട്ട് കത്ത് നൽകിയത്. ഇതിനു ശേഷം 12.30 ഓടെയാണ് രജിസ്റ്റേഡ് രാജിക്കത്ത് സെക്രട്ടറിയുടെ കൈയിലെത്തിയത്. ആദ്യം ലഭിച്ചത് രാജി പിൻലിച്ചുള്ള കത്താണെന്നത് കൃഷ്ണപ്രഭയ്ക്ക് തുണയായി.

സ്വതന്ത്രനെ പിടിച്ച് ഭരണം

15അംഗ പഞ്ചായത്ത് സമിതിയിൽ അഞ്ചുവീതം എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും നാല് ബി.ജെ.പി അംഗങ്ങളും ഒരു സ്വതന്ത്രനുമാണുള്ളത്. സ്വതന്ത്രനെ വൈസ് പ്രസിഡന്റാക്കിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. രണ്ട് മാസം മുമ്പ് നാലാം വാർഡ് അംഗവും ബി.ജെ.പി പ്രതിനിധിയുമായ കെ.എസ്.ബൈജു രാജിവച്ചിരുന്നു.

"നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്തിൽ അന്തിമ തീർപ്പ് കല്പിച്ചത്. ലഭിച്ച ഇരു കത്തുകളും കവറിംഗ് ലെറ്ററോടെസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. നിശ്ചിതമാതൃകയിലുള്ള ഫോറത്തിലെ പ്രധാന ഭാഗങ്ങൾ പൂരിപ്പിച്ചതിലെ പിഴവിന്റെയും രാജി പിൻവലിച്ചുള്ള കത്താണ് ആദ്യം ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് രാജി നിരസിച്ചത്

- ബീനാമോൾ, പഞ്ചായത്ത് സെക്രട്ടറി, മുതുകുളം

"രാജി സംബന്ധിച്ച് തീർപ്പാക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് പഞ്ചായത്ത് രാജ് ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലിൽ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് സെക്രട്ടറി നടത്തിയത്. സെക്രട്ടറിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും

- ബി.എസ്.സുജിത്ത് ലാൽ, മുൻ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, മുതുകുളം