photo

ആലപ്പുഴ : പിന്നിൽ വാഹനം തട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിലിടിച്ച് ഓട്ടോയുടെ ഡ്രൈവർ മരിച്ചു. ഓട്ടോയിലെ യാത്രക്കാരായ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും പരിക്കേറ്റു.

ആലപ്പുഴ വലിയമരം വാർഡിൽ ചിറയിൽ വീട്ടിൽ ഷംസുദ്ദീന്റെ മകൻ നഹാസ് (30) ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ മണവാളൻ ഹൗസിൽ നീന സെലിക്സ് (53), മക്കളായ സെബീന സെലിക്സ് (27), സെമീന സെലിക്സ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ കലവൂർ കൃപാസനത്തിന് സമീപമായിരുന്നു അപകടം. ട്രെയിനിൽ വന്നിറങ്ങിയ നീന ഫെലിക്സും മക്കളും ധ്യാനകേന്ദ്രമായ കൃപാസനത്തിലേക്ക് പോകാനാണ് നഹാസിന്റെ ഓട്ടോയിൽ കയറിയത്. കൃപാസനത്തിനുസമീപം ഓട്ടോ ഹ്യുണ്ടായ് ക്രെറ്റ കാറുമായി ഇടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചു വീണ നഹാസ് കാറിനടിയിൽപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മുബീന. മകൾ : നിഹാല (5വയസ്).