 
നാട്ടുകാർക്ക് പ്രയോജനപ്പെടാതെ കുന്നുമ്മ അംബേദ്കർ ഓഡിറ്റോറിയം
അമ്പലപ്പുഴ : നാട്ടുകാർക്ക് കല്യാണമുൾപ്പെടെയുള്ള ചടങ്ങുകൾ കുറഞ്ഞ ചെലവിൽ നടത്താനായി നിർമ്മിച്ച, ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഓഡിറ്റോറിയം ഹരിത കർമ്മസേനയുടെ പ്ളാസ്റ്റിക് സംഭരണ കേന്ദ്രമായി മാറി. തകഴി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുന്നുമ്മ അംബേദ്കർ ഓഡിറ്റോറിയമാണ് ഉദ്ദേശിച്ച ഫലം ചെയ്യാതെ നാട്ടുകാർക്ക് മുന്നിൽ നിലകൊള്ളുന്നത്.
കഴിഞ്ഞ 3മാസമായി ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നതും തരംതിരിച്ച് തിരിച്ച് കയറ്റി അയക്കുന്നതും ഇവിടെ വച്ചാണ്. 2009ൽ നിർമ്മാണം പൂർത്തിയായ ഓഡിറ്റോറിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടത്തിയിരുന്നില്ലെങ്കിലും ചടങ്ങുകൾക്കായി വാടകയ്ക്ക് നൽകിയിരുന്നു. ആയിരം പേർക്ക് ഇരിക്കാനുള്ള കസേരയും ഡെസ്കുകളുമുൾപ്പെടെ ആയിരം രൂപ ദിവസ വാടകയ്ക്ക് ലഭിക്കുന്ന ഓഡിറ്റോറിയം നിർദ്ധനരായ കർഷക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വളരെയേറെ ഉപകാരപ്രദമായിരുന്നു. രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ പരിപാടികളും ഇവിടെ നടന്നു വന്നിരുന്നു. അമ്പലപ്പുഴയിലോ എടത്വയിലോ പോകാതെ നാട്ടിൽ തന്നെ ചെലവു കുറച്ച് ചടങ്ങുകൾ നടത്താൻ കഴിഞ്ഞിരുന്നത് ഇവർക്കൊക്കെ ആശ്വാസമായിരുന്നു. തകഴി പഞ്ചായത്ത് അനുവദിച്ചിട്ടാണ് പ്ളാസ്റ്റിക് സംഭരണ കേന്ദ്രമായി പ്രവർത്തിക്കുന്നതെന്നാണ് ഹരിത കർമ്മ സേന പ്രവർത്തകർ പറയുന്നത്.
ചെറുതല്ല സൗകര്യങ്ങൾ
2008-2009 ൽ കെ.എസ്.മനോജ് എം.പിയുടെ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ഓഡിറ്റോറിയം പണിതത്. അടുക്കളയും, വയറിംഗും, ഓഫീസ് കെട്ടിടം, ഫർണിച്ചറുകൾ എന്നിവയ്ക്കായി പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചു. സ്റ്റേജ്, ഗ്രീൻ റൂം എന്നിവയും ഓഡിറ്റോറിയത്തിലുണ്ട്. ആയിരം രൂപ ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലടച്ചാൽ ദിവസവാടകയ്ക്ക് ഓഡിറ്റോറിയം ലഭിച്ചിരുന്നു.
തകഴി പഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കാനായി രണ്ടാം വാർഡ് എല്ലോറയിൽ കെട്ടിടം 3 മാസത്തിനകം പൂർത്തിയാകും.നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്
- എസ്.ശ്രീജിത്ത്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം