ആലപ്പുഴ: വി.ആർ.കൃഷ്ണതേജ ചുമതലയേറ്റെടുത്തതോടെ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്തു. നേരത്തേ, ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായിരുന്നപ്പോൾ വിമർശനങ്ങൾ ഉയർന്നതോടെ ഫേസ് ബുക്ക് പേജിലെ കമന്റ് ബോക്സിന് പൂട്ടിട്ടിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ശ്രീറാമിനെ മാറ്റി കൃഷ്ണതേജയെ നിയമിച്ചത്.
പ്രൊഫൈൽ ചിത്രം ഉൾപ്പെടെ ശ്രീറാം കളക്ടറായിരുന്നപ്പോൾ ഇട്ട എല്ലാ ചിത്രങ്ങളും ഇപ്പോൾ പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ, 2016ൽ ജില്ലാ കളക്ടറായിരുന്ന വീണാമാധവൻ മുതൽ 54ാം കളക്ടറായിരുന്ന ഡോ.രേണുരാജിന്റെ വരെ ചിത്രങ്ങൾ ഇപ്പോഴും പ്രൊഫൈലിൽ ലഭ്യമാണ്. കൃഷ്ണതേജ അധികാരമേൽക്കുന്ന ചിത്രത്തിന് താഴെ ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനം അറിയിച്ചെത്തിയത്.