
കടലാക്രമണ ഭീതിയിൽ തീരം
ആലപ്പുഴ: കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തിൽ ജില്ലയിൽ ഇന്നലെ ഒരു വീട് പൂർണമായി തകർന്നു. മറ്റിടങ്ങളിൽ 18 വീടുകൾക്ക് ഭാഗിക നാശമുണ്ടായി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് പുതുവൽ വീട്ടിൽ മുരളിയുടെ വീടാണ് കടലാക്രമണത്തിൽ നിലം പൊത്തിയത്. അമ്പലപ്പുഴ ഏഴ്, കുട്ടനാട് മൂന്ന്, ചേർത്തല ആറ്, മാവേലിക്കര, ചെങ്ങന്നൂർ ഒന്നുവീതം വീടുകളാണ് ഭാഗികമായി തകർന്നത്. ജില്ലയിൽ നിലവിൽ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ 55 കുടുംബങ്ങളിലെ 184 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകിട്ട് മന്ത്രി പി. പ്രസാദ് കുട്ടനാട് ചക്കുളത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളുടെ തീരത്ത് കടൽകയറ്റം അതിരൂക്ഷമാണ്. നീർക്കുന്നത്ത് നിരവധി വീടുകൾ ഏത് സമയവും കടലെടുക്കുന്ന അവസ്ഥയിലാണ്. കായ്ഫലമുള്ള തെങ്ങുകളും കടപുഴകി വീണു. കടൽഭിത്തിയുടെ മുകളിലൂടെ തിരമാലകൾ ഇരച്ചുകയറുന്നത് ഭീതി പരത്തുന്നുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ രാവിലെ മുതൽ ജില്ലയിൽ മഴ ശക്തമായിരുന്നു. പള്ളാത്തുരുത്തി, കാവാലം, നെടുമുടി, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം എന്നിവിടങ്ങളിൽ ജലസേചന വകുപ്പിനു കീഴിലുള്ള ഹൈഡ്രോളജി വിഭാഗത്തിന്റെ വാട്ടർമാർക്കിലെ മിനിമം ജല നിരപ്പിനേക്കാൾ കൂടുതലാണിപ്പോൾ. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരാനാണ് സാദ്ധ്യത. കായകുളം പൊഴി, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി, അന്ധകാരനഴി സ്പിൽവേകൾ എന്നിവിടങ്ങളിലൂടെ ഒഴുക്ക് ശക്തമായത് ആശ്വാസമേകുന്നുണ്ട്.
# വിദ്യാലയങ്ങൾക്ക് അവധി
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.