khadi-mela

വൈക്കം: വിശപ്പിന്റെ വിളിക്ക് പരിഹാരം കാണാതെ ഒരു പ്രസംഗത്തിനും പ്രസക്തിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവർ ഏറെയുള്ള ഒരുവലിയ ജനവിഭാഗത്തെ ഉള്ളവരാക്കി മുഖ്യധാരയിലേക്ക് ഉയർത്തുകയെന്നതാണ് യോഗത്തിന്റെ ധർമ്മം. കാൽനൂറ്റാണ്ടായി ആ ധർമ്മം നിറവേറ്റാനുള്ള പോരാട്ടത്തിലാണ് താനുമെന്ന് അദ്ദേഹം പറഞ്ഞു.
ഖാദി ഗ്രാമവ്യവസായ ബോർഡിന്റേയും വൈക്കം ആശ്രമംസ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ആദ്യ വില്പന നിർവ്വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ അതിന് ശേഷം അവിടെ സ്ഥാപിച്ചത് ഒരു നെയ്ത്തുശാലയാണ്. അത് സമൂഹത്തിന് നൽകുന്ന വലിയ സന്ദേശമുണ്ട്. തൊഴിലിന്റെ അനിവാര്യതയാണത്. ഖാദി ബോർഡിനോട് ചേർന്ന് നിന്ന് ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉന്നമനത്തിനായി എസ്.എൻ.ഡി.പി യോഗം ഏതറ്റം വരെയും പോകും. ഗുരുദേവ സന്ദേശത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ ദൗത്യം യോഗം ഏറ്റെടുക്കുകയാണ്. ഖാദി ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ ചുമതലയേറ്റ ശേഷം ഖാദി മേഖലയിൽ വലിയ വളർച്ചയാണുണ്ടായതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഖാദി മേഖല വലിയ തോതിലുള്ള നവീകരണത്തിന്റേയും വൈവിദ്ധ്യവത്കരണത്തിന്റേയും പാതയിലാണെന്നും ഈ ഓണം വിപണിയിൽ അത് ദൃശ്യമാകുമെന്നും മേള ഉദ്ഘാടനം ചെയ്ത ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. ഷർട്ടും മുണ്ടും എന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി പാന്റ്‌സും ചുരിദാറുമടക്കമുള്ള വ്യത്യസ്ത ഉത്പന്നങ്ങൾ ഖാദിയുടേതായി ഓണവിപണിയിലെത്തും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമ്മാന കൂപ്പൺ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ രാധിക ശ്യാമും ഡിസൈനർ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ.ജോർജ്ജ് പനക്കേഴവും ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ ആദ്യ വില്പന കേരള സർവീസ് സംഘം സെക്രട്ടറി വി.വി.ശശിധരൻ നായരും സിൽക്ക് വസ്ത്രങ്ങളുടെ ആദ്യവില്പന ചീഫ് ഇമാം ഉസെയറും നടത്തി. ഖാദി ഗ്രാമവ്യവസായ ബോർഡംഗങ്ങളായ സി.കെ.ശശിധരൻ, കെ.എസ്.രമേശ് ബാബു, സാജൻ തോമസ് തൊടുകയിൽ, ശിവദാസ് നാരായണൻ, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ, ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഇൻസ്റ്റിറ്റൂഷൻസ് മാനേജർ കെ.എൽ.അശോകൻ എന്നിവർ പ്രസംഗിച്ചു. ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ് സ്വാഗതവും ആശ്രമം സ്‌കൂൾ പ്രഥമാദ്ധ്യാപിക പി.ആർ.ബിജി നന്ദിയും പറഞ്ഞു. നാളെ വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് മേള.

 വെള്ളാപ്പള്ളിയുടെ ഓണസമ്മാനം

വൈക്കം: ഉദയനാപുരത്തെ ഖാദി യൂണിറ്റിലെ തൊഴിലാളികൾക്ക് യോഗത്തിന്റെ ഓണ സമ്മാനമായി ഒരു ലക്ഷം രൂപ നൽകി. തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾ അവരെ സന്ദർശിച്ച യൂണിയൻ നേതാക്കൾ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. വേദിയിൽ വച്ചു തന്നെ തുക വെള്ളാപ്പള്ളി പി.ജയരാജന് കൈമാറി. 60 തൊഴിലാളികളാണ് ഉദയനാപുരം യൂണിറ്റിലുള്ളത്.