s
സുനിൽ കൊട്ടാരം അരൂക്കുറ്റി.

ബസ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം

പൂച്ചാക്കൽ : നിരവധി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പൂച്ചാക്കലിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം, കുമ്പളങ്ങി, ചേർത്തല, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൂച്ചാക്കലിൽ നിന്നും ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടില്ല. തെക്കേക്കരയിലെ ഇടറോഡുകളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലുമാണ് ഇപ്പോൾ ബസുകൾ പാർക്ക് ചെയ്യുന്നത്.

ഇത് പലപ്പോഴും തർക്കങ്ങൾക്കും ഗതാഗത കുരുക്കുകൾക്കും കാരണമാകുകയും ചെയ്യുന്നു. 2015 ൽ മാക്കേ കടവ് കവലക്ക് വടക്ക് ഭാഗത്തുള്ള സ്ഥലത്ത് ബസ് സ്റ്റേഷൻ നിർമ്മിക്കാൻ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പിന്നീട് വന്ന ഭരണസമിതി പദ്ധതി ഉപേക്ഷിച്ചു.

പള്ളിപ്പുറത്തെ ഇൻഫോപാർക്കിലും കെ.എസ്.ഐ.ഡി.സിയുടെ ഫുഡ് മെഗാ പാർക്കിലുമായി ധാരാളം വിദേശ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവർക്കും പൂച്ചാക്കലിൽ ബസ് സ്റ്റേഷൻ വന്നാൽ സൗകര്യമാകും. വടക്കേക്കരയിൽ ബസ് സ്റ്റേഷൻ നിർമ്മിക്കുവാൻ പല തവണ നീക്കം നടത്തിയെങ്കിലും സ്ഥലലഭ്യത പ്രതിസന്ധിയായി. പൂച്ചാക്കൽ മെഡിക്കൽ സെന്ററിന് സമീപമുള്ള ചതുപ്പു സ്ഥലം നികത്തിയാൽ ബസ് സ്റ്റേഷൻ നിർമ്മിക്കാമെന്ന് വ്യാപാരികൾ പറയുന്നു. തെക്കേക്കരയിലെ നഗരി ഭാഗം, തേവർവട്ടം റോഡിന് സമീപം തുടങ്ങിയ സ്ഥലങ്ങളും പരിഗണിക്കാവുന്നതാണ്.

സ്റ്റേഷൻ വന്നാൽ വരും പുതിയ സർവീസുകൾ

തുറവൂർ - പമ്പാ പാതയിലെ മാക്കേകടവ് - നേരേകടവ് പാലം യാഥാർത്ഥ്യമാകുമ്പോൾ പൂച്ചാക്കലിൽ നിന്ന് വൈക്കം വഴി കോട്ടയം ജില്ലയിലേക്കുള്ള യാത്ര വളരെ എളുപ്പമാകും. ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ പൂച്ചാക്കലിൽ നിന്നും എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ഒരേ അകലമാണുള്ളത്. ഇവിടെ നിന്ന് ഗുരുവായൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്താൻ നിർദ്ദേശം വന്നെങ്കിലും പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. പൂച്ചാക്കലിൽ നിന്ന് തൈക്കാട്ടുശേരി പാലം വഴി എരമല്ലൂർ - അരൂർ - അരൂക്കുറ്റി സർക്കുലർ ബസ് സർവ്വീസ് ആരംഭിക്കണമെന്ന ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം നടക്കാതെ പോയതും സ്‌റ്റേഷന്റെ അഭാവം മൂലമാണ്.

ചേർത്തല - അരൂക്കുറ്റി റൂട്ടിലെ പ്രധാന വാണിജ്യ കേന്ദ്രമായ പൂച്ചാക്കലിൽ ബസ് സ്റ്റേഷൻ അത്യാവശ്യമാണ്. ഇപ്പോൾ ഇവിടെ നിന്നും സർവീസ് ആരംഭിക്കുന്ന ബസുകൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്

-സുനിൽ കൊട്ടാരം, അരൂക്കുറ്റി

പൂച്ചാക്കലിൽ ബസ് സ്റ്റേഷൻ വേണമെന്നത് നിരവധി നാളുകളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ജനപ്രതിനിധികളും വ്യാപരികളും കൂട്ടായി ശ്രമിച്ചാൽ ഇത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ. ബസ് സ്റ്റേഷൻ വന്നാൽ ദീർഘദൂര സർവ്വിസുകൾ ആരംഭിക്കാൻ സാധിക്കും.

- ലോറൻസ് പെരുങ്ങലത്ത്, ലൈബ്രേറിയൻ, പൂച്ചാക്കൽ