ഹരിപ്പാട്: തോട്ടപ്പള്ളി മുതൽ വലിയഴീക്കൽ വരെയുള്ള തീരദേശപാതയിൽ അപകടങ്ങൾ ഒഴിവാക്കാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകി. രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ കൂടിയ യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.
ആദ്യപടിയായി 10ന് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യും. പിന്നീട് മോട്ടോർ വാഹന വകുപ്പ് തീരദേശ റോഡിൽ ജനങ്ങൾക്കായി പ്രത്യേക ബോധവത്കരണ പരിപാടി നടത്തും. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ 20 നു പ്രത്യേക യോഗം ചേർന്ന് സമഗ്ര പദ്ധതി സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, സി.ഭദ്രൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സിയാദ്, ബിജു, തൃക്കുന്നപ്പുഴ എസ്.ഐ നിസാർ, വി.ഇ.ഒ അരുൺ കുമാർ, പൊതുമരാമത്തു റോഡ്സ് അസി.എൻജിനീയർ കോശി, ആറാട്ടുപുഴ തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസർമാരായ ഗോപകുമാർ പിള്ള, ബിജു, പഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.