kunjupilla-veet

മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും മൂലം പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലായി. കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം പമ്പാനദിയുടെ തീരങ്ങളിലെ വീടുകളിൽ താമസിക്കുന്നവരെ ആശങ്കയിലാക്കുന്നു. വള്ളക്കാലി, പാവുക്കര പ്രദേശത്തെ പല വീടുകളുടെയും പരിസരങ്ങളിൽ വെള്ളം കയറിയതോടെ കരകൃഷികൾ നാശത്തിന്റെ വക്കിലാണ്. ഓണത്തിനു വിളവെടുക്കാവുന്ന വാഴയും കപ്പയുമാണ് കൃഷിയിൽ അധികവും. വെള്ളക്കെട്ടുകളായതോടെ പലേടത്തും ഇടറോഡുകളിലെ യാത്ര ദുസ്സഹമായി.

പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. രണ്ടാം വാർഡിൽ പാവുക്കര മോസ്കോ മുക്കിന് വടക്കു ചിറയിൽ കടവിനു സമീപം ഇരുപത്തഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആവശ്യം വന്നാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പടിഞ്ഞാറൻ മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

രണ്ടു ക്യാമ്പുകൾ തുറന്നു

ഗ്രാമപഞ്ചായത്തിലെ 14–ാം വാർഡിലെ ചെങ്കിലാത്ത് ഗവ.എൽപി സ്കൂളിലും പതിനൊന്നാം വാർഡിലെ കുട്ടംപേരൂർ എസ്.കെ.വി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.. വീടുകളിൽ വെള്ളം കയറിയ നാലു കുടുംബത്തിലെ 20 പേരാണ് ചെങ്കിലാത്ത് സ്‌കൂളിലെ ക്യാംപിലുള്ളത്.എസ്.കെ.വി സ്‌കൂളിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മാത്രമാണ് എത്തിയിട്ടുള്ളത്. ഏത് അടിയന്തിര സാഹചര്യങ്ങളെ നേരിടാനും പഞ്ചായത്ത് സജ്ജമാണെന്നും ആശങ്കപ്പെട്ടേണ്ടതില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവർ പറഞ്ഞു.